കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായി. തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്ന് വേണുഗോപാൽ ഉൾപ്പെടെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒരു ബിജെപി അംഗവും വിജയിച്ചു. സംസ്ഥാന മന്ത്രി, കേന്ദ്ര മന്ത്രി പദവികൾ വഹിച്ച കെസി വേണുഗോപാൽ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാർലമെന്റംഗമാകുന്നത്.
ആലപ്പുഴയിൽ നിന്നും 2009, 2014 വർഷങ്ങളിൽ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ പയ്യന്നൂർ സ്വദേശിയായ വേണുഗോപാൽ 2019ൽ മത്സരിച്ചില്ല. കോൺഗ്രസിന്റെ നീരജ് ഡാംഗി, ബിജെപി അംഗമായ രാജേന്ദ്ര ഗെഹ്ലോട്ട് എന്നിവരും രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
രാഷ്ട്രീയ അസ്ഥിരത തുടരുന്ന മണിപ്പൂരിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ജയിച്ചു. മൂന്ന് കോൺഗ്രസ് വിമത എംഎൽഎമാരെ വോട്ട് ചെയ്യാൻ നിയമസഭാ സ്പീക്കർ അനുവദിക്കുകയായിരുന്നു. ഈ മൂന്നുപേരെയും നിയമസഭയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. രാജിവെച്ച് മൂന്ന് ബിജെപി എംഎൽഎമാര്‍ വോട്ട് ചെയ്തില്ല. സർക്കാരിനുള്ള പിന്തുണ പിൻവലിച്ച നാല് എൻപിപി എംഎൽഎമാരും വോട്ട് ചെയ്തു. തൃണമൂൽ കോൺഗ്രസിന്റെ ഏക എംഎൽഎ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ആന്ധ്രാപ്രദേശിൽ നാലു സീറ്റുകളിലും വൈഎസ്ആർ കോണ്‍ഗ്രസ് പാർട്ടി വിജയിച്ചു. മേഘാലയിൽ നാഷണൽ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായ ഡബ്ല്യു ആർ ഖർലുഖി വിജയിച്ചു. മുഖ്യമന്ത്രി കോൺറാഡ് സാങ്മ അദ്ദേഹത്തെ അഭിനന്ദിച്ചു.
കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച രാജ്യസഭാ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 18 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ലോക് ഡൗൺ പശ്ചാത്തലത്തില്‍ മാറ്റി വെക്കുകയായിരുന്നു.
രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള 55 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് . ഇതില്‍ പത്ത് സംസ്ഥാനങ്ങളിലെ 37 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.







































