gnn24x7

കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ച പൈലറ്റുമാര്‍ക്ക് ആദരസൂചകമായി പ്രൊഫൈല്‍ ചിത്രത്തിന് കറുപ്പ് നിറം നല്‍കി എയര്‍ ഇന്ത്യ

0
225
gnn24x7

കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ച പൈലറ്റുമാര്‍ക്ക് ആദരവുമായി എയര്‍ ഇന്ത്യ. സോഷ്യല്‍ മീഡിയകളിലെ എയര്‍ ഇന്ത്യ ലോഗോകള്‍ക്ക് കറുപ്പുനിറം നല്‍കിയാണ് മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

ഇന്നലെ രാത്രി നടന്ന അപകടത്തില്‍ പൈലറ്റുമാരായ ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയും ക്യാപ്റ്റന്‍ അഖിലേഷ് കുമാറും മരിച്ചിരുന്നു. എയര്‍ ഫോഴ്സ് അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഹോണര്‍ പുരസ്‌കാരം നേടിയിട്ടുള്ള ഫൈറ്റര്‍ പൈലറ്റ് കൂടിയായിരുന്നു ദീപക് വസന്ത് സാഠേ.

കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. വിമാനപകടത്തിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദുബായില്‍ നിന്നും കോഴിക്കോടേയ്ക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് (IX1344) അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.41ഓടെയാണ് അപകടമുണ്ടായത്. പൈലറ്റ് അടക്കം 18 പേര്‍ മരിച്ചു. 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലായി 13 പേരാണ് ഇതുവരെ മരിച്ചത്. മലപ്പുറം ജില്ലയിലെ ആശുപത്രികളിലായി ആറ് പേരും മരിച്ചു.

അതേസമയം അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമര്‍പ്പിച്ച് നിരവധി സെലിബ്രിറ്റികളും രംഗത്തെത്തിയിരുന്നു. ഷാരൂഖ് ഖാന്‍, അക്ഷയ്കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോഹ് ലിയും വിമാനപകടത്തില്‍ ദു:ഖം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഇവരെല്ലാം അനുശോചന സന്ദേശങ്ങള്‍ പങ്കുവെച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here