gnn24x7

ലോക്ക്ഡൗണില്‍ സാമ്പത്തിക പ്രതിസന്ധി; വീട്ടുവാടക കൊടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ

0
424
gnn24x7

കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വാടകവീട് ഉടമക്കെതിരെ പരാതിയുമായി ഭാര്യ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും വാടക നല്‍കണമെന്ന് നിരന്തരം നിര്‍ബന്ധിച്ചതാണ് ഓട്ടോ ഡ്രൈവറായ അനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഭാര്യ സൗമ്യ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു തോപ്പുംപടിയില്‍ താമസിച്ചു വന്നിരുന്ന അനീഷിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വാടകക്കായിരുന്നു അനീഷ് ഓട്ടോയെടുത്തിരുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഓട്ടോ ഓടിക്കാനാകാതായതോടെ അനീഷിന്റെ വരുമാനം പൂര്‍ണ്ണമായും നിലച്ചിരുന്നു. തുടര്‍ന്ന് ഉടമക്ക് വാഹനം തിരിച്ചുനല്‍കേണ്ടി വന്നു.

ഭാര്യയും രണ്ട് ചെറിയ കുട്ടികളുമടങ്ങുന്ന അനീഷിന്റെ കുടുംബം ഇതോടെ വലിയ ദുരിതത്തിലായി. കൂലിപ്പണിയെടുത്തായിരുന്നു അനീഷ് കുടുംബം നോക്കിയിരുന്നത്. ഇതില്‍ നിന്നും കാര്യമായ വരുമാനം ലഭിക്കാതായതോടെ കുടുംബം കൂടുതല്‍ പ്രതിസന്ധിയിലായി.

ഇതിനിടയില്‍ നാല് മാസമായി വീടിന്റെ വാടക നല്‍കാന്‍ അനീഷിന് കഴിഞ്ഞിരുന്നില്ല. വീട്ടുടമ നിരന്തരമായി വാടക ആവശ്യപ്പെട്ടുക്കൊണ്ട് എത്താറുണ്ടായിരുന്നെന്നും ഇത് അനീഷിനെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരിക്കുന്നെന്നും സൗമ്യ പറയുന്നു. ഇതാണ് അനീഷിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൗമ്യ പറയുന്നു.

gnn24x7