തിരുവനന്തപുരം: കേരളാ പൊലീസിനെതിരായ സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. എത്രയും വേഗം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയത്. പൊലീസ് സേനക്കും ഡി.ജി.പിക്കും എതിരെ വലിയ ആരോപണങ്ങളാണ് പുറത്തുവരുന്നത്. ചട്ടങ്ങൾ ലംഘിച്ച് പൊലീസിന് 1.10 കോടിയിലധികം വിലയുള്ള ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങാനുള്ള ഡി.ജി.പിയുടെ ഉത്തരവ് വിവാദത്തിന് വഴിവെച്ചിരുന്നു.
ടെൻഡർ വിളിക്കാതെ ചട്ടങ്ങൾ ലംഘിച്ചാണ് ഹിന്ദുസ്ഥാൻ മോേട്ടഴ്സിൽ നിന്ന് മിറ്റ്സുബിഷി പജേറോ സ്പോർട്സ് വാഹനങ്ങൾ വാങ്ങാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടതെന്നാണ് പ്രധാന ആരോപണം. ടെൻഡർ നടപടികൾ പൂർത്തിയാക്കാതെയുള്ള ഡി.ജി.പിയുടെ നടപടി സാധൂകരിച്ച് പിന്നീട് ആഭ്യന്തര വകുപ്പും ഉത്തരവ് പുറത്തിറക്കിരുന്നു.കെൽട്രോണിനെ ഏൽപ്പിച്ചിരുന്ന പൊലീസിന്‍റെ സിംസ് പദ്ധതിയിലും ക്രമക്കേട് നടന്നുവെന്ന് സി.എ.ജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മോഷണവും മറ്റും തടയാൻ സ്വകാര്യ സ്ഥാപനങ്ങളിൽ സി.സി. ടി.വികളും സെർവറുകളും സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കുന്ന പദ്ധതിയാണ് സിംസ്. പദ്ധതി നടത്തിപ്പ് കെൽട്രോണിനാണെന്നായിരുന്നു സർക്കാർ നേരത്തെ പറഞ്ഞിരുന്നത്.
എന്നാൽ, ഗാലക്സോൺ ഇന്‍റർനാഷണൽ എന്ന കമ്പനിക്ക് നടത്തിപ്പ് ചുമതല നൽകിയെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മാത്രമല്ല, സാങ്കേതിക പിന്തുണക്ക് സ്വകാര്യ കമ്പനി പ്രതിനിധിയെ പൊലീസ് കൺട്രോൾ റൂമിൽ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ കമ്പനികളിൽ സ്ഥാപിക്കുന്നതും ഫീസ് വാങ്ങുന്നതും ഈ കമ്പനിയാണെന്നാണ് റിപ്പോർട്ട്.








































