കോട്ടയം: എം.സി റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപം തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടക്കം അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ തടിലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. തിരുവാതുക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂര്‍ ആല്‍ത്തറവീട്ടില്‍ തമ്പി (70), ഭാര്യ വത്സല, മരുമകള്‍ പ്രഭ, മകന്‍ വേളൂര്‍ ഉള്ളത്തില്‍പ്പടിയില്‍ അര്‍ജുന്‍ പ്രവീണ്‍(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.
കോട്ടയം ഭാഗത്തുനിന്ന് പെരുമ്ബാവൂരിലേക്ക് തടിയുമായി പോയ ലോറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ലോറിക്കടിയില്‍ കുടുങ്ങിയ കാറില്‍നിന്നും അഗ്നിശമനസേനാംഗങ്ങള്‍ എത്തി വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ഉടനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അവിടെവെച്ച് അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറിലേറെ എം.സി.റോഡില്‍ ഗതാഗതം സ്തംഭിച്ചു.
വാഹനങ്ങളില്‍നിന്ന് റോഡില്‍വീണ ഓയില്‍ അഗ്‌നിരക്ഷാസേന കഴുകിക്കളഞ്ഞു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.