മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രംഗത്തെത്തിയ നഴ്‌സ് ലിനിയുടെ ഭർത്താവ് സജീഷിന്റെ ജോലിസ്ഥലത്തേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ കെ.പി.സി.സി. പ്രസിഡൻ്റ് നടത്തിയ മോശം പരാമർശത്തിന് പിന്നാലെ മന്ത്രിയെ അനുകൂലിച്ചു, മുല്ലപ്പള്ളിയെ തള്ളിയും സജീഷ് രംഗത്ത് വന്നിരുന്നു.
പ്രതിസന്ധി കാലത്ത് തൻ്റെ കുടുംബത്തിന് സ്ഥലം എം.പിയായ മുല്ലപ്പള്ളി വാക്കുകൊണ്ട് പോലും ഒരു സഹായം ചെയ്തില്ലെന്നും, തന്നെയും, തൻ്റെ കുടുംബത്തെയും ചേർത്ത് നിർത്തിയത് മന്ത്രി കെ.കെ.ശൈലജ ആണെന്നും സജീഷ് ഫേസ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് സജിഷിനെതിരെ കോൺഗ്രസ് രംഗത്ത് വന്നത്. പ്രതിഷേധത്തിൻ്റെ ഭാഗമായി സജീഷ് ജോലി നോക്കുന്ന കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. മാർച്ചിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തത്.
ഡി സി സി സെക്രട്ടറി മുനീർ എരവത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് രാജൻ മരുതേരി അടക്കമുള്ളവർക്കെതിരെ പെരുവണ്ണാമുഴി പൊലീസാണ് കേസെടുത്തത്. ഹെൽത്ത് ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്തെന്ന് ചൂണ്ടികാണിച്ച് മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് കേസ്.
ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തി, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു തുടങ്ങിയ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.







































