തിരുവനന്തപുരം: ബവ്‌റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങിയശേഷം വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയ കേസിൽ സോളർ വിവാദത്തിൽപെട്ട സരിത എസ്.നായർക്കെതിരെ കേസ്. വ്യാജ നിയമന ഉത്തരവും പണം കൊടുത്തതിന്റെ രേഖകളുമായി രണ്ട് പേരാണ് നെയ്യാറ്റിന്‍കര പോലീസിന് പരാതി നല്‍കിയത്. ഇവർ ഇരുപതിലേറെ യുവാക്കളില്‍ നിന്ന് പണം തട്ടിയതായാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
രണ്ട് യുവാക്കളാണ് ഇതുവരെ പരാതി നൽകിയിട്ടുള്ളത്. നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി അരുൺ എസ്. നായരും, കുഴിവിള സ്വദേശി എസ്. എസ്. ആദർശും. അരുണിന് കെ.ടി.ഡി.സിയിലും ആദർശിന് ബെവ്‌കോയിലും ജോലി നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയിരിക്കുന്നത്.
പണം മേടിച്ചിട്ടും ജോലി നൽകാത്തതിനാൽ പ്രതികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയപ്പോഴാണ് സരിത വിളിച്ചിരുന്നത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സരിത സംസാരിച്ചത്. പിന്നീട് ഇവര്‍ തന്റെ യഥാര്‍ഥ വിലാസം വെളിപ്പെടുത്തുകയായിരുന്നു. കുന്നത്തുകാൽ പഞ്ചായത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായ രതീഷും സുഹൃത്ത് ഷൈജുവുമാണ് മുഖ്യ പ്രതികൾ.





































