തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മിഷൻ സി.ഇ.ഒ യുവി ജോസിന് സി.ബി.ഐ നോട്ടീസ് നല്‍കി. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി അടുത്ത മാസം അഞ്ചിന് ഹാജരാകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുളള ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് യു.വി.ജോസായിരുന്നു.ഈ സാഹചര്യത്തിലാണ് സി.ഇ.ഒയെ സി.ബി.ഐ വിളിച്ചു വരുത്തുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് റെഡ് ക്രസന്റുമായുള്ള ധാരണാ പത്രം ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസ് ഒപ്പിട്ടത്. ധാരണാപത്രവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നല്‍കണമെന്ന് യു.വി.ജോസിനോട് ഇ.ഡി ഉദ്യോഗസ്ഥരും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
റെഡ് ക്രസന്റ് നൽകിയ പണം ഉപയോഗിച്ച് വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റിന്റെ നിർമ്മാണം യുണിടാകിനെ ഏൽപിച്ചതിന് പിന്നിൽ അഴിമതി നടന്നെന്നാണ് പരാതി.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയ്ക്കും മറ്റ് ഉന്നതർക്കും കോടികള്‍ കമ്മീഷന്‍ ലഭിച്ചെന്നും ആരോപണമുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നാലേകാൽ കോടിയോളം രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍ നടന്നതായാണ് ആരോപണം.







































