തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിയില്‍ നിയമലംഘനം വ്യക്തമായതായി CBI. പദ്ധതിയുടെ മറവില്‍ കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെ സര്‍ക്കാര്‍ വിദേശ സഹായം സ്വീകരിച്ചു.
കേസില്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് വിശകലനം നടത്തിയ ശേഷം സിബിഐ മുഖ്യമന്ത്രിയുടെയും തദ്ദേശ മന്ത്രിയുടെയും മൊഴിയെടുക്കും. കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെയാണ് വിദേശ സഹായം സ്വീകരിച്ചതെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയതോടെയാണ് നിയമലംഘനം നടന്നതായി വ്യക്തമായിരിക്കുന്നത്.
നിയമലംഘനത്തിന് സഹായിച്ചവരെയും കാരണക്കാരായവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ. ആരാണ് വിദേശത്ത് നിന്ന് പണമയച്ചത്? ആരാണ് പണം സ്വീകരിച്ചത്? എന്തിനു വേണ്ടിയാണു അത് ഉപയോഗിച്ചത്? സര്‍ക്കാര്‍ ഈ നിയമലംഘനത്തെ പിന്തുണച്ചോ? തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് CBIയുടെ ശ്രമം.
എന്നാല്‍, വിദേശ സംഭാവന നിയന്ത്രണ നിയമ൦ അനുസരിച്ച് ലൈഫ് ഇടപാടില്‍ കൈകൂലി വാങ്ങിയതിനെ കുറിച്ച് അന്വേഷിക്കാന്‍ CBIയ്ക്ക് ആകില്ല. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ മുപ്പത്തിയഞ്ചാം വകുപ്പ് പ്രകാരം ഒരു കോടിയിലധികം രൂപ അനുമതിയില്ലാതെ വിദേശത്ത് നിന്നും സ്വീകരിച്ചാല്‍ 5 വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്നതാണ്.
ഇടപാടില്‍ നാലര കോടി കമ്മീഷന്‍ കൈപറ്റിയെന്ന ധനമന്ത്രിയുടെയും മാധ്യമ ഉപദേഷ്ടാവിന്റെയും വെളിപ്പെടുത്തലും അന്വേഷണ പരിധിയിലെത്തും. ലൈഫ് മിഷന്റെ 20.5 കോടിയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായാണ് അനില്‍ അക്കരെ MLA സിബിഐ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
കേസില്‍ മുഖ്യമന്ത്രി, തദ്ദേശമന്ത്രി, ലൈഫ് മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ്, യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും അക്കരെയുടെ പരാതിയില്‍ പറഞ്ഞിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരും പ്രതിപട്ടികയിലുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയെയു൦ തദ്ദേശ മന്ത്രിയെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ സാധ്യതയില്ല. കേസിന്റെ അവസാന ഘട്ടത്തിലാകും മുഖ്യമന്ത്രിയെയു൦ തദ്ദേശ മന്ത്രിയെയും ചോദ്യം ചെയ്യുക. ചോദ്യങ്ങള്‍ അയച്ചു കൊടുക്കുന്ന രീതിയു൦ സ്വീകരിക്കാന്‍ സാധ്യതയുണ്ട്.






































