കൊച്ചി: കൊച്ചി–മംഗളൂരു ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതി 30ന് നാടിന് സമർപ്പിച്ചേക്കും. നിലവിൽ കളമശേരി, തൃക്കാക്കര മുനിസിപ്പാലിറ്റികളിൽ മാത്രം വീടുകളില്‍ പൈപ്പ്‌ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) എത്തിക്കുന്ന പദ്ധതി കമീഷനിംഗ് കഴിഞ്ഞാല്‍ കൂടുതൽ ജില്ലകളിലേക്ക് എത്തും. തൃശൂരിൽ ഈ മാസം അവസാനത്തോടെ വാഹനങ്ങൾക്കുള്ള കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ലഭ്യമാക്കും.
ആഗസ്‌തിൽ ഇന്ത്യൻ ഓയിലിന്റെ അഞ്ച് പമ്പുകളിലും എച്ച്‌പിസിഎലിന്റെ ഒരു പമ്പിലും സിഎൻജി ലഭിക്കും. തൃശൂർ ജില്ലയിൽ പാചക ഇന്ധനം ആദ്യം എത്തിക്കുക കുന്നംകുളം മുനിസിപ്പാലിറ്റിയിലാണ്. തുടർന്ന് തൃശൂർ കോർപറേഷൻ പരിധിയിലും ലഭ്യമാക്കും. പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കും. പിഎൻജി വീടുകളുടെ അടുക്കളകളിലും സ്ഥാപനങ്ങളിലും സിഎൻജി പമ്പുകളിലും ലഭ്യമാക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് പദ്ധതിയുടെ ചുമതല.
കൊച്ചി കോർപറേഷൻ പരിധിയിലും ആലുവ, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിലുമാണ് എറണാകുളം ജില്ലയിൽ ആദ്യഘട്ടത്തിൽ സിറ്റിഗ്യാസ് പദ്ധതി നടപ്പാക്കുക. നിലവിൽ കളമശേരിയിലെ ആറു വാർഡുകളിലും തൃക്കാക്കരയിലെ ആറു വാർഡുകളിലുമായി 2300 വീടുകളിൽ പിഎൻജി വിതരണം ചെയ്യുന്നുണ്ട്. രണ്ടുമാസം കൂടുമ്പോൾ 300–-350 രൂപ നിരക്കിലാണ് പാചക ഇന്ധനം ലഭിക്കുന്നത്. കളമശേരിയിൽ നാലു വർഷമായും തൃക്കാക്കരയിൽ രണ്ടു വർഷമായും വിതരണം നടക്കുന്നുണ്ട്. കൊച്ചി കോർപറേഷന്റെ അനുമതി ലഭിച്ചാൽ നഗരത്തിൽ പാചക ഇന്ധന വിതരണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
പിഎൻജി താരതമ്യേന സുരക്ഷിതവും ചെലവ് കുറഞ്ഞതുമാണ് എന്നതാണ് പ്രധാന ആകർഷണം. എറണാകുളത്ത് എട്ട് സിഎൻജി സ്‌റ്റേഷനുകളുണ്ട്. ഇന്ധനക്ഷമതയും കുറഞ്ഞ പരിസ്ഥിതി മലിനീകരണവുമുള്ള സിഎൻജി ഉപയോഗത്തിലേക്ക് ഏഴായിരത്തോളം വാഹനങ്ങൾ ഇതിനകം മാറിക്കഴിഞ്ഞു.ഗെയിൽ ആണ് പദ്ധതിക്കുള്ള പൈപ്പിടുന്നത്. കാസർകോട് ജില്ലയിൽ ഒന്നരക്കിലോമീറ്റർ മാത്രമാണ് പൈപ്പിടൽ ശേഷിക്കുന്നത്. ചന്ദ്രഗിരി പുഴയ്‌ക്ക് കുറുകെ ഭൂമിക്കടിയിലൂടെ പൈപ്പുലൈൻ ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് ഗെയിൽ ജനറൽ മാനേജർ ടോമി മാത്യു പറഞ്ഞു.







































