gnn24x7

എം ശിവശങ്കർ നൽകിയ മൊഴിയിൽ കള്ളമെന്ന് എൻഐഎ; ശിവശങ്കറിന് കുരുക്കായത് അത്യാധുനിക സാങ്കേതിക സംവിധാനം

0
248
gnn24x7

തിരുവനന്തപുരം:  സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മൊഴിയിൽ കള്ളമെന്ന് എൻഐഎ. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം സംബന്ധിച്ചുള്ള മൊഴിയിൽ വൈരുദ്ധ്യമെന്നും എൻഐഎ കണ്ടെത്തി.

സാങ്കേതികസംവിധാനത്തിന്റെ സഹായത്തോടെ തയ്യാറാക്കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാകും അടുത്ത ഘട്ടത്തിലെ ചോദ്യം ചെയ്യൽ.

പറഞ്ഞത് പലതും കള്ളം

സ്വപ്നയും സരിത്തുമായുള്ള ബന്ധം സംബന്ധിച്ചും അവരുമായുള്ള കൂടിക്കാഴ്ചകൾ സംബന്ധിച്ചും വിദേശയാത്ര
സംബന്ധിച്ചുമായിരുന്നു കൂടുതൽ ചോദ്യങ്ങൾ. ചോദ്യങ്ങൾക്ക് ആത്മവിശ്വാസത്തോടെയായിരുന്നു മറുപടിയെങ്കിലും വിവിധ സന്ദർഭങ്ങളിൽ അദ്ദേഹം പതറി. നയതന്ത്രബാഗേജിലെ സ്വർണക്കടത്ത് സംബന്ധിച്ച വിശദാംശങ്ങൾ അറിയാമായിരുന്നോ എന്നും എൻഐഎ ആരാഞ്ഞു.

ബന്ധുവിന്റെ ഭാര്യയെന്ന നിലയിലാണ് സ്വപ്നയുമായുള്ള ബന്ധമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു.
വൈരുദ്ധ്യങ്ങൾ കൂടുതൽ വ്യക്തമാകാനാണ് ചോദ്യംചെയ്യൽ നീട്ടിക്കൊണ്ടുപോയത്. എന്നാൽ വിദേശനിർമിതമായ നുണപരിശോധനാ സംവിധാനം വഴി അദ്ദേഹം സത്യം മറച്ചുവെക്കാൻ ശ്രമിച്ചതായി എൻഐഎക്ക് ബോധ്യമായി. ഒളിപ്പിച്ചുവെച്ച വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനാകും ഇനിയുള്ള ചോദ്യം ചെയ്യൽ.

കുരുക്കായത് അത്യാധുനിക സാങ്കേതിക സംവിധാനം

വിദേശ നിർമിതമായ യന്ത്ര സംവിധാനമാണ് എം ശിവശങ്കറിന് കുരുക്കായത്. നുണ പറഞ്ഞാൽ  പെട്ടെന്ന്
തിരിച്ചറിയാനാകുന്നതാണ് ഉപകരണം. അതീവപ്രാധാന്യമുള്ള കേസുകളിലാണ് ഈ സംവിധാനം എൻഐഎ ഉപയോഗിക്കുന്നത്. തെളിവായി കോടതിയിൽ നൽകാനാവില്ലെങ്കിലും കേസിൽ തെളിവു ശേഖരണത്തിന് ഇത് ഏറെ ഫലപ്രദമാണ്.

ശബ്ദതരംഗങ്ങൾ പൂർണമായി ആലേഖനം ചെയ്യുന്നതോടൊപ്പം മൊഴി നൽകുന്നയാൾ വസ്തുതാ വിരുദ്ധമായി പറയുന്ന ഭാഗങ്ങൾ എടുത്തുകാട്ടുന്നതാണ് സംവിധാനം. ഏകദേശം അരക്കോടി രൂപയോളം വിലയുള്ള വിദേശ നിർമിത ഉപകരണമാണിത്. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിക്ക് ഇതുസംബന്ധിച്ച അറിവുണ്ടാകില്ല. വിദഗ്ധമായി പറയുന്ന കള്ളം പോലും കണ്ടെത്താൻ ഈ ഉപകരണത്തിനാകുമെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുഭവം.

ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കർ വിദഗ്ധമായാകും ചോദ്യങ്ങളെ നേരിടുക എന്ന് ബോധ്യമുള്ളതിനാലാണ് ഈ ഉപകരണം എൻഐഎ ഉപയോഗിച്ചത്. ചോദ്യങ്ങൾക്കുമുമ്പിൽ കുലുങ്ങാതിരിക്കാൻ ശ്രദ്ധിച്ചപ്പോഴും മൊഴിയിലെ കള്ളങ്ങൾ സാങ്കേതികമായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here