gnn24x7

സംസ്ഥാനത്ത് പൊലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു

0
250
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു. കോവിഡ് പശ്ചാത്തലത്തിൽ ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പൊലീസ് ആസ്ഥാനം അടച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.  ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് ആസ്ഥാനം അടച്ചത്.

കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ നടപടിയെന്നാണ് വിവരം.

ഇതിനിടെ സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ റ്റി.വി.അജിതനാണ് മരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായതെന്നാണ് വിവരം. ചെറുതോണി ടൗണിൽ ടെയ്ലറിംഗ് ഷോപ്പ് നടത്തുന്ന ഇദ്ദേഹത്തിന്‍റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് അജിതനും രോഗബാധ ഉണ്ടായത്.

ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ള അജിതനെ യാത്രകൾ അടക്കം ഒഴിവാക്കുന്നതിനായാണ് സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റിയത്. നിലവിൽ ഇടുക്കിയിൽ പൊലീസ് ക്വാർട്ടേഴ്സിൽ താമസിച്ച് ജോലി ചെയ്തു വരുന്നതിനിടെയാണ് കോവിഡ് ബാധിക്കുന്നത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ഇദ്ദേഹത്തെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിൽ തുടരവെ കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here