gnn24x7

പി.കൃഷ്ണപിള്ള ജനിച്ചുവളര്‍ന്നിടം ഇനി സി.പി.ഐക്ക് സ്വന്തം; ചരിത്ര സ്മാരകം പണിയും

0
159
gnn24x7

വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവും നവോത്ഥാന നായകനുമായിരുന്ന പി.കൃഷ്ണപിള്ള ജനിച്ചു വളര്‍ന്ന സ്ഥലം സ്വന്തമാക്കി സി.പി.ഐ. കൃഷ്ണപിള്ളയുടെ പറൂര്‍ വീടിരുന്ന 16.5 സെന്റ് സ്ഥലം കുടുംബാംഗങ്ങളില്‍ നിന്ന് സി.പി.ഐ. വിലയ്ക്ക് വാങ്ങി. ഇന്ന് കൃഷ്ണപിള്ളയുടെ 72-ാം ചരമ വാര്‍ഷിക ദിനം ഇവിടെയാണ് ആചരിക്കുന്നത്. വൈക്കം ക്ഷേത്രത്തിന് അടുത്തുള്ള പറൂര്‍ കുടുംബത്തിലാണ് പി. കൃഷ്ണപിള്ള ജനിച്ചത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം വ്യക്തമാക്കുന്ന സ്മാരകം, മ്യൂസിയം, ലൈബ്രറി എന്നിവ ഇവിടെ സ്ഥാപിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.നഗരസഭയിലെ ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള ഈ ഭൂമിയില്‍ ഇന്ന് വീടില്ല.

ആറ് മാസം മുമ്പ് കുടുംബാംഗങ്ങള്‍ വൈക്കത്തെ സ്ഥലം വില്‍ക്കുന്നെന്നറിഞ്ഞ സി.പി.ഐ നേതാക്കള്‍ ഇവരെ
സമീപിക്കുകയായിരുന്നു. കെ.എസ് സുനീഷ്, കെ.എസ് കണ്ണന്‍, നന്ദിനി, സോമന്‍ എന്നിവരില്‍ നിന്നാണ് സി.പി.ഐ ഭൂമി വിലയ്ക്ക് വാങ്ങിയത്.

പി.കൃഷ്ണപിള്ളയുടെ 72-ാം ചരമ വാര്‍ഷികമാണ് ഇന്ന്. കണ്ണാര്‍ക്കാട് കൃഷ്ണപിള്ള സ്മാരകത്തില്‍ സി.പി.ഐ.എമ്മും സി.പി.ഐയും സംയുക്തമായി സംഘടിപ്പിക്കുന്ന ദിനാചരണ പരിപാടിയില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് കൃഷ്ണപിള്ള സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകളെന്ന് സി.പി.ഐ എം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here