gnn24x7

വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസ് ഇനി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

0
229
gnn24x7

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസ് ഇനി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അസിസ്റ്റന്റ് കമ്മീഷണര്‍ സുല്‍ഫിക്കറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സൈബര്‍ വിദഗ്ധർ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തയും രൂപീകരിച്ചു. നിലവില്‍ വഞ്ചിയൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ട്രഷറി സീനിയര്‍ അക്കൗണ്ടന്റായ എം ആര്‍ ബിജുലാല്‍ ഒറ്റയ്ക്ക് കൃത്യം നടത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യയ്‌ക്കോ മറ്റു സുഹൃത്തുക്കള്‍ക്കോ ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ റമ്മി കളിച്ചതിലൂടെയുണ്ടായ വന്‍ നഷ്ടം വീട്ടാനാണ് പണം അപഹരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം ബിജുവിന്റെ ഭാര്യയും കേസിലെ രണ്ടാം പ്രതിയുമായ സിമിയെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും മൊഴി രേഖപ്പെടുത്തിയിരുന്നില്ല. ഇവരുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിമിയെ തല്‍ക്കാലം പിടികൂടേണ്ടെന്ന നിലപാടിലാണ് പൊലീസ്. ബിജുവിനെ പിടികൂടിയ ശേഷം വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനുശേഷം സിമിക്ക് കേസില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍ മാത്രം അറസ്റ്റിലേക്ക് കടക്കാമെന്നാണ് ആലോചന.

അതേസമയം, പ്രതി ബിജുലാലിനെ സര്‍വീസില്‍ നിന്നും പുറത്താക്കിയുള്ള ഉത്തരവ് ഇന്നിറങ്ങിയേക്കും. ഇയാള്‍ കീഴടങ്ങുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും തല്‍ക്കാലം അതുണ്ടാവില്ല. തട്ടിപ്പ് പുറത്തായ ആദ്യ ഘട്ടത്തില്‍ ബിജു കീഴടങ്ങാനുള്ള സന്നദ്ധത അഭിഭാഷകന്‍ മുഖേനെ വഞ്ചിയൂര്‍ പൊലീസിനെ അറിയിച്ചതായാണ് വിവരം. എന്നാല്‍ ഈ നീക്കത്തിന് പൊലീസ് തയാറായില്ലെന്നാണ് സൂചന. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ കൂടുതല്‍ ജീവനക്കാരെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here