പത്തനംതിട്ട: ചോദ്യം ചെയ്യുന്നതിനായി വനപാലകര്‍ വിളിച്ച് കൊണ്ട് പോയ ഫാം ഉടമയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തും. ഉടമയെ കസ്റ്റഡിയിലെടുത്ത ഏഴംഗ സംഘത്തെയാണ് മാറ്റിനിര്‍ത്തുന്നത്. കേസ് എ.സി.സി.എഫ് അന്വേഷിക്കും.
ക്യാമറ നശിപ്പിച്ചെന്ന് ആരോപിച്ച് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത പത്തനംതിട്ട ചിറ്റാര്‍ കുടപ്പന പടിഞ്ഞാറേ ചരുവില്‍ ടി.ടി മത്തായിയുടെ മൃതദേഹമാണ് ഇന്നലെ കിണറ്റില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത്.
പിന്നീട് മത്തായിയുടെ കുടുംബ വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ കിണറ്റില്‍ വീണതാണെന്നാണ് വനപാലകരുടെ വിശദീകരണം.
എന്നാല്‍ മത്തായിയെ വനപാലകര്‍ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയാണെന്ന് ഭാര്യ ഷീബ ആരോപിച്ചു. മത്തായിക്കെതിരെ കേസുണ്ടെന്നും ആ കേസ് ഒതുക്കിത്തീര്‍ക്കാന്‍ 75000 രൂപ വേണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്താണ് കേസെന്ന് അറിയില്ലെന്നും ഷീബ പറഞ്ഞു.
തോളില്‍കയിട്ടാണ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കൊണ്ടുപോയത്. പിന്നെ എങ്ങനെ ഇത് സംഭവിച്ചു. തല്ലിക്കൊന്ന് കിണറ്റില്‍ ഇട്ടത് തന്നെയാണ്. ഒരു തെറ്റും അദ്ദേഹം ചെയ്തിട്ടില്ല. കിണറ്റില്‍ വീണെങ്കില്‍ എന്തുകൊണ്ടാണ് ഇവര്‍ രക്ഷപ്പെടുത്താതെ പോയതെന്നും ഭാര്യ ഷീബ ചോദിച്ചു.
സംഭവം നടന്ന് ഏറെ സമയത്തിന് ശേഷമാണ് ഇദ്ദേഹം കിണറ്റില്‍ വീണ കാര്യം വനപാലകര്‍ സമീപവാസികളോട് പറയുന്നത്. നാട്ടുകാര്‍ എത്തിയപ്പോള്‍ കിണറ്റില്‍ മരിച്ച നിലയില്‍ മത്തായിയെ കണ്ടു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിക്കുകയും വനപാലകരുടെ വാഹനം തടഞ്ഞുവെക്കുകയും ചെയ്തു.
സന്ധ്യയായതോടെ വനപാലകര്‍ വാഹനം എടുക്കാതെ അവിടെ നിന്നും പോയി. ഇതിനിടെ സീതത്തോട്ടില്‍ നിന്ന് അഗ്‌നിരക്ഷാ സേനയുടെ യൂണിറ്റെത്തി മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു.
സംഭവം അറിഞ്ഞ് കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എയും പത്തനംതിട്ട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരും സ്ഥലെത്തി. കേസെടുക്കാമെന്നും അന്വേഷണം നടത്താമെന്നുമുള്ള ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അയഞ്ഞത്.







































