ന്യൂഡൽഹി: ആസാദ് കശ്മിർ പരാമർശത്തിൽ കെ.ടി. ജലീൽ എം.എൽ.എയ്ക്കെതിരേ കേസ് എടുക്കാൻ ഉത്തരവ്. ഡൽഹി റോസ് അവന്യൂ കോടതിയാണ് നിർദേശം നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ. ഇടാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ജലീലിന്റെ പരാമർശത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ ജി.എസ്. മണിയാണ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കേസ് എടുക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. രാജ്യദ്രോഹനിയമം ഉൾപ്പെടെ ചുമത്തി ജലീലിനെതിരേ കേസ് എടുക്കണമെന്നായിരുന്നു മണി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഏതൊക്കെ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്ന് കോടതി നിർദേശിച്ചിട്ടില്ല. ഉചിതമായ വകുപ്പുകൾ ചേർത്ത് കേസ് എടുക്കണമെന്നാണ് ഡൽഹി തിലക് മാർഗ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് കോടതി നൽകിയിരിക്കുന്ന നിർദേശം. കശ്മീർ സന്ദർശനത്തിന് പിന്നാലെ ഫെയ്സ്ബുക്കിൽ ഇട്ട കുറിപ്പിലാണ് പരാതിക്ക് ആധാരമായ പരാമർശം കെ.ടി. ജലീൽ നടത്തിയത്.







































