ന്യൂഡല്‍ഹി: വിമാനാപകടം നടന്ന കരിപ്പൂര്‍ വിമാന താവളത്തില്‍ മണ്‍സൂണ്‍ കാലയളവില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. അതീവ ജാഗ്രത ആവശ്യമായതിനാലാണ് തീരുമാനം എന്ന് ഡിജിസിഎ വ്യക്തമാക്കി.
വെള്ളിയാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിംഗിനിടെ തകര്‍ന്ന്‍ വീണതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
നേരത്തെ മംഗലാപുരം വിമാന ദുരന്തത്തിന് പിന്നാലെ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയിരുന്നു. റണ്‍വേ നവീകരണത്തിന് ശേഷം രണ്ട് വര്‍ഷം മുന്‍പാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിച്ചത്.
അതിനിടെ ഡിജിസിഎ അരുണ്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് ആവശ്യപെട്ട് പൈലറ്റ് മാരുടെ സംഘടന രംഗത്ത് വന്നു. കരിപ്പൂരിലെ സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടിയാണ് പൈലറ്റ് മാരുടെ സംഘടന ഈ ആവശ്യം ഉന്നയിക്കുന്നത്.
കരിപൂര്‍ വിമാനാപകടത്തില്‍ പൈലറ്റും സഹപൈലറ്റും അടക്കം 18 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.