തൃശൂർ: മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പംസെൽഫി എടുത്ത വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി. സിറ്റി പൊലീസിലെ ആറ് വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെയാണ് പണിഷ്മെൻ്റ് റോൾ പട്ടികയിൽ ഉൾപ്പെടുത്തി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. കേസിൽ ക്രൈം ബ്രാഞ്ച് തുടരന്വേഷണം നടത്തും. ക്രൈംബ്രാഞ്ച് റിപ്പോർട്ട് വന്ന ശേഷം വനിത പൊലീസുകാർക്ക് എതിരെ കൂടുതൽ നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
പൊലീസുകാരികൾ സ്വപ്നയ്ക്കൊപ്പം സെൽഫി എടുത്തത് തെറ്റായ നടപടിയെന്ന പ്രാഥമിക വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നെഞ്ചുവേദനയെ തുടർന്ന് സ്വപ്ന സുരേഷിനെ ആദ്യം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരികൾ സെൽഫി എടുത്തത്. കൗതുകത്തിന് എടുത്തതാണെന്നും വഴിവിട്ട ബന്ധങ്ങൾ ഇല്ലെന്നുമാണ് വനിത പൊലീസുകാരുടെ വിശദീകരണം.







































