തിരുവനന്തപുരം: പമ്പയിലെ മണല്‍ക്കൊള്ളയ്ക്കു പിന്നില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനും കുടുംബവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോടികളുടെ അഴിമതിയാണ് ഇതില്‍ നടന്നിരിക്കുന്നതെന്നും പ്രളയം വരുമെന്നും അതിനാല്‍ ചെളിയും മരച്ചില്ലകളും ജൈവാവശിഷ്ടങ്ങളും നീക്കം ചെയ്യാനെന്നും പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചാണ് കണ്ണൂരില്‍ ആദ്യം മണല്‍ കടത്താന്‍ ശ്രമിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.
എന്നാല്‍ അന്നത്തെ മണൽകടത്തൽ ബിജെപി ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ച് തടുക്കുയായിരുന്നുവെന്നും തുടര്‍ന്നാണ് പമ്പയിലെ മണല്‍ വാരാൻ ശ്രമം തുടങ്ങിയതെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂരില്‍ പുഴയിലെ മണല്‍ക്കടത്തിനു നേതൃത്വം നല്‍കിയ അതേ കമ്പനി തന്നെയാണ് പമ്പയിലും മണല്‍ കടത്തുന്നതെന്നും കേരള ക്ലേയ്‌സ് ആന്റ് സിറാമിക്‌സും കോട്ടയത്തെ സ്വകാര്യ കമ്പനിയും ചേര്‍ന്നാണ് കണ്ണൂരില്‍ മണല്‍ക്കടത്തിന് ശ്രമിച്ചതെന്നും തുടര്‍ന്ന് പ്രതിഷേധം ശക്തമായപ്പോഴാണ് കേരള ക്ലേയ്‌സ് ആന്റ് സിറാമിക്‌സിനെ പമ്പയിലെ മണല്‍ വാരല്‍ ഏല്‍പ്പിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
പുഴയിലെ മാലിന്യം നീക്കാന്‍ എന്ന പേരിലാണ് ആയിരക്കണക്കിന് കോടി രൂപയുടെ മണല്‍ വാരല്‍ ഏല്‍പ്പിച്ചത്. ഈ വിഷയത്തില്‍ കണ്ണൂരില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിച്ചു. കമ്പനിയുടെ ഉടമകള്‍ കോണ്‍ഗ്രസ്സുകാര്‍ക്കും സിപിഎമ്മുകാര്‍ക്കും വേണ്ടപ്പെട്ടവരാണ്. കേരള ക്ലേയ്‌സ് ആന്റ് സിറാമിക്‌സിന് ഇത്രയും മണലിന്റെ ഒരാവശ്യവും ഇല്ല. അഴിമതി മാത്രമാണ് ഇതിനു പിന്നില്‍. പമ്പയിലെ മണല്‍ നീക്കം ചെയ്തു സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വില്‍ക്കുകയാണ് വേണ്ടതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതിനിടയിൽ മലപ്പുറം വളാഞ്ചേരിയില്‍ ദേവിക എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ ഇടപെടല്‍ ഉറപ്പുവരുത്തമെന്നും എല്ലാ കുട്ടികള്‍ക്കും സൗകര്യം ഒരുക്കിയിട്ടു വേണം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി പണം നീക്കി വച്ച പദ്ധതികള്‍ ഒന്നും നടക്കുന്നില്ലയെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി കുട്ടികളുടെ വീടിനോട് ചേര്‍ന്ന് പഠനമുറി നിര്‍മ്മിക്കാന്‍ 2017-18 ല്‍ 145 കോടി രൂപയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നുവെന്നും എന്നിട്ടും കേരളത്തില്‍ ഒരിടത്ത് പോലും പഠന മുറി നിര്‍മ്മിച്ചിട്ടില്ലയെന്നും. അഴിമതിയും പണം ദുര്‍വിനിയോഗവുമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ എ.കെ ബാലനും സി.രവീന്ദ്രനാഥും ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും വഞ്ചനാപരമായ നിലപാടാണ് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരോട് സര്‍ക്കാര്‍ കാട്ടിയിരിക്കുന്നത്. ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.







































