gnn24x7

ശരീരഭാരം കുറയ്ക്കാന്‍ കുടംപുളി കഷായം

0
348
gnn24x7

ശരീരഭാരം കുറയ്ക്കുക എന്നത് മിക്കവര്‍ക്കും ഒരു പ്രയാസകരമായ ദൗത്യമാകാം. എന്നാല്‍, ശരിയായ ഭക്ഷണക്രമവും ശരിയായ അളവിലുള്ള വ്യായാമവും ഉപയോഗിച്ച് നിങ്ങള്‍ക്ക് ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ കഴിയും. ശരീരത്തില്‍ കൊഴുപ്പ് സംഭരിക്കുന്നത് തടയുക, വിശപ്പ് അടിച്ചമര്‍ത്തുക എന്നിവയടക്കം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി പഴങ്ങളും പച്ചക്കറികളും ഉണ്ട്. കേരളക്കാരുടെ സ്വന്തം കുടംപുളി അത്തരമൊരു ഫലമാണ്.

മലബാര്‍ പുളി അല്ലെങ്കില്‍ ഗാര്‍സിനിയ കംബോജിയ എന്നും അറയപ്പെടുന്ന ഇത് ഒരു ഉഷ്ണമേഖലാ ഫലമാണ്. പച്ച, മഞ്ഞ എന്നിങ്ങനെ അതിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കുന്നു. പരമ്പരാഗതമായി മലയാളികള്‍ പല കറികളിലും കുടംപുളി ഉപയോഗിക്കുന്നു. അസമിലും തായ്‌ലന്‍ഡ്, മലേഷ്യ, ബര്‍മ, മറ്റ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഇത് സമാനമായി ഉപയോഗിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ കുടംപുളി എങ്ങനെ സഹായിക്കുന്നു എന്നും ഇതിനായി എങ്ങനെ കുടംപുളി ഉപയോഗിക്കാം എന്നും നമുക്കു നോക്കാം.

ശരീരഭാരം കുറയ്ക്കാന്‍ കുടംപുളി

കുടംപുളിയില്‍ അടങ്ങിയ ഹൈഡ്രോക്‌സിസിട്രിക് ആസിഡ് അല്ലെങ്കില്‍ എച്ച്.സി.എ എന്ന ഫൈറ്റോകെമിക്കലിന്റെ സാന്നിധ്യമാണ് ശരീരവണ്ണം കുറയ്ക്കാന്‍ സഹായകമായി കണക്കാക്കപ്പെടുന്നത്. കൊഴുപ്പ് കത്തിക്കാനും വിശപ്പ് അടിച്ചമര്‍ത്താനും ഫൈറ്റോകെമിക്കലിന് കഴിവുണ്ടെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൊഴുപ്പ് ഉണ്ടാക്കാന്‍ ശരീരത്തില്‍ ഉപയോഗിക്കുന്ന സിട്രേറ്റ് ലൈസേസ് എന്ന എന്‍സൈമിനെ തടയാനായി എച്ച്.സി.എ പ്രവര്‍ത്തിക്കുന്നു. മാത്രമല്ല, തലച്ചോറിലെ സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്തേജനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.

എങ്ങനെ കഴിക്കാം

കുടംപുളി പുളിയുടെ തൊലി സാധാരണയായി ഇരുണ്ട തവിട്ട് അല്ലെങ്കില്‍ കറുപ്പ് നിറത്തിലേക്ക് എത്തുന്നതുവരെ വെയിലത്തുണക്കി ഉപയോഗിക്കുന്നു. കൂടാതെ തളിരില, വിത്ത്, വേരിന്റെ മേല്‍തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്. കുടംപുളി ഔഷധമായും ആഹാരമായും ഉപയോഗിച്ചുവരുന്നു. കുടംപുളിയുടെ തോടില്‍ അമ്ലങ്ങള്‍, ധാതുലവണങ്ങള്‍, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവ അടങ്ങിയിരിക്കുന്നു.

കുടംപുളി കഷായം

ശരീരഭാരം കുറയ്ക്കാനായി കുടംപുളി ആദ്യം 15 മിനിട്ട് വെള്ളത്തില്‍ മുക്കിവയ്ക്കുക. ശേഷം അല്‍പം വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ കുടംപുളി ഇടുക. നന്നായി തിളച്ചശേഷം അല്‍പം കുരുമുളകുപൊടി ചേര്‍ക്കുക. പാനീയം തണുത്ത ശേഷം നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. ഇങ്ങനെ ദിവസവും കഴിക്കുന്നത് കൊഴുപ്പും അമിതവണ്ണവും കുറയ്ക്കും. ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് ഈ പാനീയം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ഒട്ടനവഴി മറ്റു ആരോഗ്യ ഗുണങ്ങളും കുടംപുളി വാഗ്ദാനം ചെയ്യുന്നു.

ക്ഷീണം ഇല്ലാതാക്കുന്നു

ചില എന്‍സൈമുകള്‍ നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കുകയും അലസതയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കുടംപുളിയുടെ പതിവ് ഉപഭോഗം വഴി ഇത് ഇല്ലാതാക്കാം. ഇതിലെ എച്ച്.സി.എ നിങ്ങളുടെ ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്ക് നീങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

സമ്മര്‍ദ്ദവും വിഷാദവും കുറയ്ക്കുന്നു

സ്‌ട്രെസ് ഹോര്‍മോണുകളില്‍ ഒന്നാണ് കോര്‍ട്ടിസോള്‍. ഈ ഹോര്‍മോണിന്റെ അളവ് നിയന്ത്രിക്കുന്നതിന് കുടംപുളിയിലെ എച്ച്.സി.എ സഹായകരമാണ്. ഇത് ശരീരത്തിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് കുറയ്ക്കുകയും അതുവഴി ഉത്കണ്ഠയെ നീക്കുകയും ചെയ്യുന്നു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here