gnn24x7

കേന്ദ്ര സർക്കാറിന്റെ 2020ലെ ഇ ഐ എ കരട് വിജ്ഞാപനത്തിൽ കേരള സർക്കാരിന് പരിസ്ഥിതി പ്രവർത്തകരുടെ നിവേദനം

0
204
gnn24x7

വയനാട്: കേന്ദ്ര സർക്കാറിന്റെ 2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തിൽ കേരള സർക്കാരിന് പരിസ്ഥിതി പ്രവർത്തകരുടെ നിവേദനം. വിജ്ഞാപനത്തിനെതിരെ കേരളത്തിന്റെ പ്രതികരണം ദുർബലമായെന്ന് നിവേദനത്തിൽ പറയുന്നു. കവയത്രി സുഗതകുമാരി അടക്കമുള്ള പരിസ്ഥിതിപ്രവർത്തകരാണ് മുഖ്യമന്ത്രിയ്ക്കും സംസ്ഥാനത്തെ മുഴുവൻ പാർലമെന്റ്, നിയമസഭാ സാമാജികർക്കും നിവേദനം സമർപ്പിച്ചത്.

മൂന്ന് ആവശ്യങ്ങളാണ് നിവേദനത്തിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്,

1. വിജ്ഞാപനം പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വനം- പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന വകപ്പിന് കത്തയക്കണം.

2. നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമം ശക്തിപ്പെടുത്താൻ പുതിയ വിജ്ഞാപനമോ നിയമമോ കൊണ്ടുവരാനായി ഒരു വിദഗ്ദ സമിതിയെ പ്രഖ്യാപിക്കണം. വിദഗസമിതിയുടെ റിപ്പോർട്ട് പാർലമെന്റും നിയമസഭകളും പഞ്ചായത്തുകളും ഗ്രാമസഭകളും പരിസ്ഥിതി -സാമൂഹ്യ സംഘടനകളും പൊതുസമൂഹവും ചർച്ച ചെയ്യണമെന്നും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട്  ആവശ്യപ്പെടണം.

3.  കേന്ദ്ര സർക്കാറിന്റെ ഇഐഎ 2020 വിജ്ഞാപനത്തെ കുറിച്ച് സംസ്ഥാന സർക്കാരിന്റെ നയം രൂപപ്പെടുത്തുന്നതിനും കേരളത്തിൽ നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുമായി പരിസ്ഥിതി വിദഗ്ദരും ശാസ്ത്രജ്ഞരും അടങ്ങിയ ഒരു വിദഗ്ദ സമിതി അടിയന്തിരമായി രൂപീകരിക്കണം.
കേരളത്തിലെ 25 ഓളം പരിസ്ഥിതി സംഘടനകളാണ് നിവേദനം നൽകിയിരിക്കുന്നത്.

പരിസ്ഥിതി പ്രതിസന്ധികൾ മാനവരാശിയുടെ നിലനിൽപ്പിനെ തന്നെ ഗുരുതരമായി ചോദ്യം ചെയ്യുന്ന കാലത്താണ് നാമിപ്പോൾ ജീവിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായി കൂടിയുണ്ടായ അതിതീവ്ര മഴയും പശ്ചിമഘട്ട മലനിരകളിലെ തെറ്റായ ഭൂവിനിയോഗവും കേരളത്തിനും ഇന്ത്യയുടെ ഇതര പ്രദേശങ്ങൾക്കും തീരാദുരന്തവും ദുരിതവുമാണ് സമ്മാനിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനും പുനസ്ഥാപനത്തിനും ഇനിയും പ്രാധാന്യം നൽകിയില്ലെങ്കിൽ അത് വരും തലമുറയോടുള്ള അക്ഷന്തവ്യമായ അപരാധമായിപ്പോകുമെന്ന് നിവേദനത്തിൽ പറയുന്നു.

പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി നയങ്ങളും നിയമങ്ങളും നടപടികളും ശക്തിപ്പെടുത്തേണ്ടതുണ്ട്. നിർഭാഗ്യവശാൽ ഇതിന് കടകവിരുദ്ധമായ നിലപാടുകളാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടു വിജ്ഞാപനത്തിൽ കാണുന്നത്.

ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി നിയമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലക്ഷ്യങ്ങളെയും അന്തസ്സത്തയെയും ആകെ തകർക്കുന്ന വ്യവസ്ഥകൾ കരടു വിജ്ഞാപനത്തിൽ ഉണ്ട്. അതിലുപരി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള യാതൊരു നിർദ്ദേശവും ഈ വിജ്ഞാപനത്തിൽ ഇല്ല.  അതിനാലാണ് 2020ലെ കരടു വിജ്ഞാപനം പൂർണ്ണമായും പിൻവലിക്കണമെന്ന് പൊതുസമൂഹം ആവശ്യപ്പെടുന്നതെന്നും നിവേദനത്തിൽ പറയുന്നു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here