തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കത്തിയത് ഫയലുകള്‍ മാത്രമാണെന്നും സാനിറ്റൈസര്‍ ഉള്‍പ്പെടെ മറ്റു വസ്തുക്കള്‍ കത്തിയിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നില്‍ നിന്നു പോലും തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല. തീപ്പിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആഗസ്റ്റ് 25 നാണ് സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. തീപിടിത്തം വിവാദമായതിന് പിന്നാലെ രണ്ട് അന്വേഷണ സംഘങ്ങളെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.
തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ വാദം തള്ളിക്കൊണ്ടാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.




































