gnn24x7

സ്വപ്ന സുരേഷ് നല്‍കിയ മൊഴികളിൽ ചില രാഷ്ട്രീയക്കാരുടെ പേരുകളുമുണ്ടെന്നു സൂചന

0
238
gnn24x7

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷ് നല്‍കിയ മൊഴികളിൽ ചില രാഷ്ട്രീയക്കാരുടെ പേരുകളുമുണ്ടെന്നു സൂചന. സ്വർണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോൺസുലേറ്റിലെ ഉന്നതരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണു വിവരം. ഈ മൊഴിപ്പകർപ്പ് സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.

പിന്നീടൊരു ഘട്ടത്തിൽ മൊഴിയിൽ കൃത്രിമത്വം കാണിക്കപ്പെടാതിരിക്കുക ലക്ഷ്യമിട്ടാണ് സ്വപ്ന തന്റെ മൊഴി കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇത് മുദ്രവച്ച് കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷം കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്. സ്വപ്‌നാ സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ ഉന്നതൻ സർക്കാരിൽ നിർണായക സ്വാധീനമുള്ള രാഷ്ട്രീയനേതാവാണ് എന്നാണു വിവരം.

കള്ളക്കടത്തിനെക്കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നെന്നും പലപ്പോഴും സഹായം നൽകിയിട്ടുണ്ടെന്നുമുള്ള സ്വപ്‌നയുടെ മൊഴി അടിസ്ഥാനമാക്കിയാണ് തിങ്കളാഴ്ച ചേർന്ന കസ്റ്റംസ് ഉന്നതതല യോഗത്തിൽ ഈ തീരുമാനമുണ്ടായത്. സ്വപ്‌ന ഇടനിലക്കാരിയായ ഇടപാടുകളെക്കുറിച്ച് ഈ രാഷ്ട്രീയനേതാവിന് അറിവുണ്ടായിരുന്നു. പല ഇടപാടുകളിലും സ്വപ്നയെ ഇടനിലക്കാരിയാക്കുന്നതിൽ മുഖ്യപങ്ക് ഈ നേതാവിനായിരുന്നു. സ്വർണക്കടത്തിൽ പിടിയിലാവുന്നതിനുമുമ്പ് ഈ രാഷ്ട്രീയനേതാവും സ്വപ്‌നയും പലയിടങ്ങളിൽവെച്ച് രഹസ്യമായി കാണുകയും ഇടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് കസ്റ്റംസിനു ലഭിക്കുന്ന വിവരം.

ഇതേ യോഗത്തിൽ ശിവശങ്കറിന്റെ മൊഴിയും സ്വപ്‌നയുടെ മൊഴിയും ചേർത്തുവെച്ച് പരിശോധിച്ചു. രണ്ടുപേരുടെയും മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. ശിവശങ്കറിന്റെ ചില മൊഴികളിൽ വ്യക്തതയില്ലാത്തതിനാലാണ് വീണ്ടും ചോദ്യംചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. ഈ ആഴ്ചതന്നെ ചോദ്യംചെയ്യലുണ്ടാകുമെന്നാണു കരുതുന്നത്. സ്വപ്നയെയും സന്ദീപിനെയും  അടുത്ത ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘത്തിന് കൈമാറിയേക്കും. ഇതിനായി ബുധനാഴ്ച കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു മുന്നോടിയായി കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഇവരുടെ മൊഴി കോടതിയിൽ സമർപ്പിച്ചത്. ഇത് അസാധാരണ നടപടിയായാണു വിലയിരുത്തുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here