തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിൽനിന്നും സർക്കാർ പ്രിന്റിംഗ് സ്ഥാപനമായ തിരുവനന്തപുരത്തെ സി-ആപ്റ്റിൽ എത്തിയത് 28 പാഴ്‌സലുകളെന്ന് കസ്റ്റംസിന്റെ കണ്ടെത്തൽ. ഈ പാഴ്സലുകൾ വിതരണത്തിനായി സി-ആപ്റ്റിന്റെ വാഹനത്തിൽ എടപ്പാളിലേക്ക് കൊണ്ടുപോകുകയായിരുന്നു. സി ആപ്റ്റിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് മേൽനോട്ടം വഹിച്ചതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. യു.എ.ഇ. കോൺസുലേറ്റിൽനിന്ന് നേരിട്ട് റംസാൻ കിറ്റുകൾ കൈപ്പറ്റി വിവാദത്തിലായ മന്ത്രി കെ.ടി. ജലീലാണ് സി-ആപ്റ്റ് ചെയർമാൻ.
രണ്ടു വാഹനങ്ങളിലാണ് കോൺസുലേറ്റിൽനിന്ന് പാഴ്‌സലുകൾ സി-ആപ്റ്റിൽ എത്തിച്ചത്. ഒന്നിൽ മതഗ്രന്ഥത്തിന്റെ പകർപ്പുകളും ലഘുലേഖകളും ഉണ്ടായിരുന്നു. മറ്റു പാക്കറ്റുകൾ ഭദ്രമായി സൂക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥൻ നിർദേശം നൽകിയെന്നും ജീവനക്കാർ പറഞ്ഞു.
ഇവിടെ സുലഭമായി കിട്ടുമ്പോൾ പുറമേനിന്നും എത്തിച്ചതിനെക്കുറിച്ചും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഉന്നതതല നിർദേശത്തെ തുടർന്നാണ് സി-ആപ്റ്റ് ഉദ്യോഗസ്ഥർ പാഴ്‌സൽ കടത്തിന് നേതൃത്വം നൽകിയത്.
കേരള സാങ്കേതിക സർവകലാശാലയിലെ ഒരു ജീവനക്കാരന് സി-ആപ്റ്റിലെ സുപ്രധാന തസ്തികയിൽ നിയമനം നൽകിയിരുന്നു. എന്നാൽ പാഴ്‌സൽ ഇടപാടിനു പിന്നാലെ ഇയാളെ എൽ.ബി.എസിലേക്ക് മാറ്റി നിയമിച്ചത് ദുരൂഹമാണെന്നും ജീവനക്കാർ പറയുന്നു.





































