gnn24x7

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

0
264
gnn24x7

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.  ഈ മൊഴി കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാണ്. 

ഈ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലുള്ള മൊബൈലിൽ നിന്നാണ് മൊഴിപ്പകർപ്പിന്റെ ചിത്രം പുറത്തുവന്നത്.  പുറത്തുവന്നത് അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട സ്വപ്നയുടെ മൊഴി പകർപ്പ് മാത്രമാണ്. ഇതോടെ മൊഴി ചോർന്നതിന്റെ പേരിൽ അന്വേഷണ സംഘത്തിൽ നിന്നും മാറ്റി നിർത്തിയിരുന്ന അസിസ്റ്റന്റ് കമ്മീഷണർ എൻ. എസ്. ദേവിനെ പൂർണമായും കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടാണ് ഐബി നൽകിയിരിക്കുന്നത്. 

അസിസ്റ്റന്റ് കമ്മീഷണർ എൻ. എസ്. ദേവിന്റെ ആവശ്യപ്രകാരമാണ് ഇക്കാര്യത്തിൽ അന്വേഷണം  വേണമെന്ന്  കസ്റ്റംസ് കമ്മീഷണർ  ഐബിയോട് ആവശ്യപ്പെടുന്നത്. സ്വപ്ന സുരേഷിന്റെ മൊഴിയെടുത്തത്  മൂന്നംഗ അന്വേഷണ സംഘമായിരുന്നു. ഇവരിൽ രണ്ടുപേർ പുരുഷന്മാരും ഒരാൾ വനിതയുമായിരുന്നു. ഇതിലെ ഒരു  ഉദ്യോഗസ്ഥനെതിരെയാണ് ഐബി റിപ്പോർട്ട് നൽകിയത്.

പുറത്തുവന്ന ചിത്രം വിശദമായ ഡിജിറ്റൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സ്വപ്നയുടെ  മൊഴിയെടുത്ത അതേ ദിവസം തന്നെയാണ് മൊഴിപ്പകർപ്പിന്റെ ചിത്രം ഉദ്യോഗസ്ഥൻ മൊബൈലിൽ പകർത്തിയത്. സ്വന്തം  മൊബൈലിൽ  ചിത്രീകരിച്ച മൊഴി പകർപ്പ് പിന്നീട് ഈ ഉദ്യോഗസ്ഥൻ ബ്ല്യൂടൂത്ത് വഴി ഭാര്യയുടെ പേരിലുള്ള മൊബൈൽ നമ്പറിലേക്ക് മാറ്റുകയും  അതിൽനിന്ന് പുറത്തേക്ക് പോകുകയുമായിരുന്നുവെന്ന് ഐബി കണ്ടെത്തി. ഐബി അന്വേഷണ റിപ്പോർട്ട് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന് കൈമാറി. 

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും. എന്തായിരിക്കും നടപടിയെന്നത് മുന്നോട്ടുളള ദിവസങ്ങളിൽ അറിയാം. ഇത് ആ ഉദ്യോഗസ്ഥൻ മനപൂർവ്വം ചെയ്തതാണെന്നും അന്വേഷണത്തിൽ വ്യക്തമാണ്. ഈ ഉദ്യോഗസ്ഥൻ ഇടതുപക്ഷ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചയാളാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here