തിരുവനന്തപുരം: UAE കോണ്‍സുലേറ്റ് അംഗം അറ്റാഷെയുടെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത് നയതന്ത്ര ബാഗ് അല്ല എന്ന് വ്യക്തമാക്കി UAE…
നയതന്ത്ര ബാഗ് അല്ല, അത് വെറും പാഴ്‌സല്‍ മാത്രമാണെന്നും , കൂടാതെ നയതന്ത്ര പരിരക്ഷ പാഴ്‌സലിനില്ലെന്നും ഉദ്യോഗസ്ഥന്‍റെ വ്യക്തിപരമായ പാഴ്‌സലാണ് വന്നതെന്നും യുഎഇ ഇന്ത്യയെ അറിയിച്ചു. സംഭവത്തില്‍ ഇന്ത്യ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് UAE ഇക്കാര്യം സൂചിപ്പിച്ചിരിയ്ക്കുന്നത്. കൂടാതെ, നയതന്ത്ര ബാഗ് പായ്ക്ക് ചെയ്യേണ്ടതടക്കമുള്ള നടപടികള്‍ വ്യത്യസ്തമാണെന്നും ഏതൊക്കെ ആളുകള്‍ക്ക് എങ്ങനെയൊക്കെയാണ് ബാഗേജ് വരേണ്ടത് എന്നത് അടക്കം പ്രത്യേക നടപടിക്രമങ്ങളുണ്ട് എന്നും UAE വ്യക്തമാക്കി.
കേസന്വേഷണവുമായിബന്ധപ്പെട്ട്, നയതന്ത്ര ബാഗേജ് എന്ന് ഇനി ഉപയോഗിക്കേണ്ടതില്ലെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നതായും യുഎഇ അറിയിച്ചു. അതായത് കോണ്‍സുലേറ്റ് അംഗം അറ്റാഷെയുടെ പേരില്‍ എത്തിയ സ്വകാര്യ ബാഗേജില്‍ സ്വര്‍ണം ഒളിപ്പിച്ചുവയ്ക്കുകയും അത് നയന്ത്ര ബാഗേജ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കബളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.
UAE കോണ്‍സുലേറ്റ് അംഗം അറ്റാഷെയുടെ പേരില്‍ കടത്തിയ ബാഗിനുള്ളില്‍ അല്പം ഭക്ഷ്യവസ്തുക്കളും അധികം സ്വര്‍ണവുമായിരുന്നു!! എന്നാല്‍, സ്വര്‍ണ കള്ളക്കടത്തുമായി തനിക്കോ UAE കോണ്‍സുലേറ്റിനോ ബന്ധമില്ലെന്നും, നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും അറ്റാഷെ ഇതിനോടകം മൊഴിനല്‍കിയിട്ടുണ്ട്.
ജൂലൈ 5നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. UAE കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ബാഗേജിൽനിന്നാണ് 30 കിലോ സ്വർണം പിടികൂടിയത്.
സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്. യാത്രക്കാർ കടത്താൻ ശ്രമിക്കുന്ന സ്വർണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പിടികൂടാറുണ്ട് എങ്കിലും ‘ഡിപ്ലോമാറ്റിക് ബാഗേജിൽ’ സ്വർണം പിടികൂടുന്നത് ഇതാദ്യമാണ്.
യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന പാഴ്സൽ പരിശോധിച്ചതിൽ 15 കോടി വിലമതിക്കുന്ന 30 കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കാർഗോ ഫ്ലൈറ്റിലാണ് ദുബൈയിൽ നിന്ന് പാഴ്സൽ എത്തിയത്. പല രൂപത്തിലാക്കിയ സ്വർണമാണ് കണ്ടെടുത്തിട്ടുള്ളത്.