തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം എത്തിയ ദിവസം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചതായി റിപ്പോര്‍ട്ട്. സ്വപ്‌ന സുരേഷ് കണക്ട് ചെയ്ത നമ്പറില്‍ നിന്നാണ് വിളിച്ചതെന്നാണ് ശിവശങ്കറിന്റെ വിശദീകരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂണ്‍ 30 മുതല്‍ ജൂലൈ 5 വരെയായിരുന്നു ഡിപ്ലോമാറ്റിക് ബാഗേജ് കസ്റ്റംസ് കസ്റ്റഡിയില്‍ വെച്ചത്. ജൂലൈ 3 നാണ് ശിവശങ്കര്‍ മറ്റൊരു ഫോണില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചത്. അതേ ദിവസം ശിവശങ്കര്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് സ്വപ്നയെ 12 തവണ വിളിച്ചിട്ടുണ്ട്. അന്ന് തന്നെ അറ്റാഷെ 22 തവണ സ്വപ്നയെ വിളിച്ചിട്ടുണ്ട്.
തന്റെ നമ്പറില്‍ നിന്നല്ല കസ്റ്റംസിനെ വിളിച്ചതെന്നും സ്വപ്‌ന മറ്റൊരു നമ്പറില്‍ നിന്ന് ഡയല്‍ ചെയ്ത് തനിക്ക് തന്നതാണ് എന്നുമാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്.
എന്തുകൊണ്ടാണ് ബാഗ് പിടിച്ചുവെച്ചത് എന്ന് മാത്രമേ ചോദിച്ചിട്ടുള്ളൂവെന്നും അക്കാര്യത്തില്‍ മറ്റൊന്നും തനിക്ക് അറിയില്ലെന്നുമാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്.
മുന്‍പ് ആരും വിളിച്ചിട്ടില്ലെന്നായിരുന്നു കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണടക്കം പറഞ്ഞത്. ഇതും ശിവശങ്കറിന് കുരുക്കാക്കും. ഇതുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങള്‍ ഇന്ന് എന്‍.ഐ.എ ചോദിച്ചേക്കുമെന്നാണ് സൂചന. കസ്റ്റംസിനെ ഫോണില്‍ വിളിക്കേണ്ട സാഹചര്യം അദ്ദേഹത്തിന് വിശദീകരിക്കേണ്ടി വരുമെന്നാണ് സൂചന.
നിലവില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ട്. കസ്റ്റംസിനും എന്‍.ഐ.എയ്ക്ക് നല്‍കിയ മൊഴികള്‍ തമ്മിലുള്ള വൈരുദ്ധ്യമടക്കം ഇന്ന് ചോദ്യം ചെയ്യലില്‍ വരും.




































