കൊച്ചി: നയതന്ത്ര ചാനല്‍ സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും സംസ്ഥാനം വിടും മുൻപ് ആലപ്പുഴയിലെ മുൻ ജ്വല്ലറി ഉടമയെ ഏൽപിച്ച 40 ലക്ഷം രൂപയടങ്ങിയ ബാഗ് അന്വേഷണ സംഘം കണ്ടെത്തി. ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കണ്ടെടുത്ത ബാഗിലെ 26 ലക്ഷം രൂപ കാണാതായി.സരിത്തിന്റെ വീട്ടിൽനിന്നു ബാഗ് കണ്ടെടുക്കുമ്പോൾ അതിലുണ്ടായിരുന്നത് 14 ലക്ഷം രൂപ മാത്രം.
സ്വപ്നയും കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് ആലപ്പുഴയിലെ മുൻ ജ്വല്ലറി ഉടമ. വാർത്താ ചാനലുകൾക്കു കൈമാറാനുള്ള ശബ്ദരേഖയും സ്വപ്ന ഇയാളെയാണ് ഏൽപിച്ചതെന്നാണു സൂചന. അന്വേഷണ സംഘം ഇയാളുടെ മൊഴിയെടുക്കും. സരിത്ത് അറസ്റ്റിലാവുകയും കേസന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്ത ശേഷമാണ് ബാഗ് വീട്ടിലെത്തിയത്. സ്വർണക്കടത്തിനു പണം മുടക്കിയ ആരെങ്കിലും ബാഗ് സരിത്തിന്റെ വീട്ടിൽ ഒളിപ്പിക്കും മുൻപ് തുക എടുത്തിരിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. മക്കളെ ഇയാളുടെ വീട്ടിലാക്കണമെന്ന ഉദ്ദേശ്യത്തോടെയാണു സ്വപ്നയും കുടുംബവും വർക്കലയിലെ ഒളിത്താവളത്തിൽ നിന്ന് ആലപ്പുഴയിലെത്തിയത്. എന്നാൽ, മക്കൾ അവിടെ തങ്ങുന്നതു സുരക്ഷിതമല്ലെന്നറിയിച്ചു ഇവർക്കായി എറണാകുളത്തു ഹോട്ടൽ ബുക്ക് ചെയ്തു.
അതിനിടെ സരിത്തിനും സ്വപ്‌നയ്‌ക്കുമിടയിലെ കണ്ണി സന്ദീപ് നായർ എന്ന സരിത്തിന്റെ മൊഴി പുറത്തുവന്നു. ഓരോ കടത്തിനും 25 ലക്ഷത്തിലേറെ രൂപയാണ് സന്ദീപ് കമീഷനായി നേടിയത്. 25 ലക്ഷത്തിലേറെ രൂപയാണ് സന്ദീപ് കമീഷനായി നേടിയത്. പലപ്പോഴും സംഘത്തെ നിയന്ത്രിച്ചത് സന്ദീപായിരുന്നെന്ന് ചോദ്യംചെയ്യലിൽ സരിത് വെളിപ്പെടുത്തിയിരുന്നു. പറഞ്ഞതിലും കൂടുതൽ സ്വർണം നയതന്ത്ര ബാഗേജിൽ കൊണ്ടുവന്ന് തങ്ങളെ ചതിക്കാൻ സന്ദീപ് ശ്രമിച്ചിരുന്നതായും സരിത് സമ്മതിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ അന്താരാഷ്‌ട്ര ഹവാലബന്ധം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ അന്വേഷണം പ്രതികളായ സന്ദീപ് നായരിലേക്കും കെ ടി റമീസിലേക്കും കേന്ദ്രീകരിക്കുന്നു. കള്ളക്കടത്തുസംഘത്തിലെ മുഖ്യ സൂത്രധാരന്മാർ സന്ദീപും റമീസുമാണെന്നതിന്റെ തെളിവുകൾ എൻഐഎയ്‌ക്കും കസ്‌റ്റംസിനും ലഭിച്ചിട്ടുണ്ട്. ദുബായിൽ പിടിയിലായ ഫൈസൽ ഫരീദിനെ നാട്ടിലെത്തിച്ച് ചോദ്യംചെയ്യുന്നതോടെ സ്വർണക്കടത്തിനുപിന്നിലെ അന്താരാഷ്‌ട്രബന്ധം കൂടുതൽ വെളിപ്പെടും.
പ്രത്യേക കാര്യത്തിന് പലരിൽനിന്നായി പണം സമാഹരിക്കുന്ന ക്രൗഡ് ഫണ്ടിങ് ഇടപാടിൽ ഓരോരുത്തരും അവർക്ക് ആവശ്യമായ സ്വർണത്തിനുള്ള പണം നൽകും. കള്ളപ്പണം വെളുപ്പിക്കുന്ന വൻ ഹവാലസംഘങ്ങളാണ് പണം കള്ളക്കടത്തുസംഘത്തിന് നൽകിയിരുന്നത്. കള്ളക്കടത്ത് സ്വർണത്തിന്റെ ചെറിയൊരു ഭാഗമേ ജ്വല്ലറികളിൽ എത്തിയിട്ടുള്ളുവെന്നാണ് അന്വേഷണസംഘങ്ങളുടെ കണ്ടെത്തൽ. ഒരു ഭാഗം നിക്ഷേപമായി ബാങ്ക് ലോക്കറുകളിലേക്കും പോകുന്നു. വലിയൊരു പങ്ക് മറ്റ് വഴികളിൽ തീവ്രവാദസംഘങ്ങളിലേക്കും ദേശവിരുദ്ധശക്തികളിലേക്കും എത്തുന്നുവെന്നാണ് നിഗമനം. ഇതിന് ഇടനിലക്കാരായതിൽ പ്രധാനികൾ റമീസും സന്ദീപുമാണെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
അന്വേഷണം സന്ദീപ് നായരിലേക്കും കെ ടി റമീസിലേക്കും കേന്ദ്രീകരിക്കുന്നതോടെ സ്വർണക്കടത്ത് കേസിന് പുതിയമാനം കൈവരുമെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. മുസ്ലിംലീഗ് നേതാക്കളുമായി റമീസിനും ബിജെപി നേതൃത്വവുമായി സന്ദീപ് നായർക്കുമുള്ള ബന്ധം ഇതിനകം വെളിപ്പെട്ടതാണ്. റമീസിന്റെയും സന്ദീപിന്റെയും ചോദ്യംചെയ്യൽ എൻഐഎ തിങ്കളാഴ്‌ച പൂർത്തിയാക്കി. സന്ദീപിനെയും സ്വപ്‌ന സുരേഷിനെയും കസ്‌റ്റംസ് തെളിവെടുപ്പിന് വാങ്ങും.







































