gnn24x7

സ്വർണക്കടത്ത്‌: ഒളിവിൽ പോകുംമുമ്പ്‌ സ്വപ്‌ന പാറ്റൂരിലെ ഫ്ലാറ്റിലെത്തി അറ്റാഷെയെ കണ്ടു

0
274
gnn24x7

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തില്‍ അറസ്റ്റിലായ സ്വപ്നയും യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയും തമ്മിലുള്ള അടുപ്പത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന്. ഒളിവിൽ പോകുന്നതിന്‌ മുമ്പ്‌ സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌നയും അറ്റാഷെയും തമ്മിൽ രഹസ്യ കൂടിക്കാഴ്‌ച നടത്തി. അറ്റാഷെയുടെ പാറ്റൂരിലെ ഫ്‌ളാറ്റിലായിരുന്നു കൂടിക്കാഴ്ച‌. ഇതിനുശേഷമാണ്‌ സ്വപ്‌ന മുങ്ങിയത്‌. മുൻകൂട്ടി തീരുമാനിച്ചതിന്‌ വിരുദ്ധമായാണ്‌ അറ്റാഷെ യുഎഇയിലേക്ക്‌ മടങ്ങിയതെന്നും അന്വേഷകസംഘത്തിന്‌ വിവരം ലഭിച്ചു.

വിമാനത്താവളത്തിൽ ബാഗേജ്‌ പിടിച്ചു‌വച്ചതോടെ അറ്റാഷെ സമ്മർദത്തിലായിരുന്നു. ബാഗേജ്‌ തടഞ്ഞ തൊട്ടടുത്ത ദിവസങ്ങളിൽ ഒന്നിലാണ്‌ സ്വപ്‌ന ഫ്‌ളാറ്റിലെത്തിയത്‌. സ്വപ്‌ന വന്നതറിഞ്ഞ്‌ അറ്റാഷെ മുറിവിട്ട്‌ താഴേക്ക്‌ എത്തി. ഇരുവരും അരമണിക്കൂറോളം സംസാരിച്ചു. ധൃതിയിലാണ്‌‌ അറ്റാഷെ രാജ്യം വിട്ടതെന്നും വ്യക്തമായി. നേരത്തെ യുഎഇയിലേക്ക്‌ പോയ സഹപ്രവർത്തകർ തിരിച്ചെത്തിയശേഷം നാട്ടിൽ പോകുമെന്നായിരുന്നു അറ്റാഷെ ജീവനക്കാരെ അറിയിച്ചത്‌. കസ്‌റ്റംസ്‌ ബാഗേജ്‌ തുറന്ന്‌ പരിശോധിച്ച്‌ സ്വർണം പിടിച്ചതോടെ തീരുമാനം മാറ്റി. ഉടൻ ഡൽഹിയിൽ പോകേണ്ട ഒരാവശ്യമുണ്ടെന്ന്‌ ജീവനക്കാർക്ക്‌  മൊബൈൽ സന്ദേശം നൽകി. തുടർന്നാണ്‌ ഡൽഹിയിലേക്ക്‌ തിരിച്ചതും ഇവിടെനിന്ന്‌ യുഎഇയിലേക്ക്‌ പോയതും. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ്‌ അറ്റാഷെ രാജ്യം വിട്ട വിവരം കോൺസുലേറ്റിലുള്ളവർ അറിയുന്നത്‌.

അറ്റാഷെക്ക്‌ സമാനമായ രീതിയിൽ നേരത്തെയും ഭക്ഷണ സാധനങ്ങൾ യുഎയിൽനിന്ന്‌ എത്തിയിരുന്നു. ഈ ബാഗേജുകൾ ഫ്‌ളാറ്റിൽ എത്തിച്ചിട്ടുമുണ്ട്‌. അറ്റാഷെ ഒറ്റയ്‌ക്കാണ്‌ ഇവിടെ താമസം. പാചകക്കാർ ഉൾപ്പെടെ മറ്റൊരുസ്ഥലത്തും. സ്വപ്‌ന, സന്ദീപ്‌, സരിത്ത്‌ എന്നിവർ നിരവധി തവണ ഫ്‌ളാറ്റിൽ എത്തി അറ്റാഷെയെ കണ്ടതായും കസ്‌റ്റംസ്‌, എൻഐഎ സംഘത്തിന്‌ വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം ഫ്‌ളാറ്റിൽ ഇരുസംഘവും പരിശോധന നടത്തിയിരുന്നു. ഫ്‌ളാറ്റിലെ രജിസ്‌റ്റർ, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. കോൺസുലേറ്റിലെയും അറ്റാഷെയുടെ ഫ്‌ളാറ്റിലെയും ജീവനക്കാരെ വിദശമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്‌ അന്വേഷകസംഘം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here