തൃശൂർ: പൗരത്വഭേദഗതി നിയമത്തിൽ കേന്ദ്രാനുകൂല നിലപാടെടുത്തതിന് വിമർശനങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോക്സഭ അംഗീകരിച്ച നിയമമായി മാറിയ കാര്യത്തിൽ ഒരു സംസ്ഥാനത്തിനും റോളില്ല. അത് പൂർണമായും കേന്ദ്രത്തിെൻറ അധികാരത്തിലുള്ളതാണ്. ഇൗ നിയമത്തിെനതിരെ സംസ്ഥാനം പ്രമേയം പാസാക്കുന്നത് അമേരിക്ക നോർത്ത് കൊറിയയിൽ അധിനിവേശം നടത്തുന്നതിനെതിരെ ഇവിടെ പ്രമേയം പാസാക്കുന്നതിന് തുല്യമാണ്’- പരിഹാസം നിറഞ്ഞ ഭാവത്തിൽ അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായ നിലപാടെടുത്തതിെൻറ പേരിൽ വിരട്ടൽ തന്നോട് വേണ്ട. ‘മൂന്ന് തവണ ആക്രമിക്കപ്പെടുകയും ഒരു തവണ തലയ്ക്കടിയേറ്റ് ആശുപത്രിയിൽ കഴിയുകയും ചെയ്തയാളാണ് ഞാൻ. ഇനി പുറത്തിറങ്ങില്ലെന്നായിരുന്നു അന്ന് പലരും പറഞ്ഞത്. എന്നാൽ, അന്നുമുതൽ എന്നും പുറത്തുണ്ട്. ഇപ്പോൾ കേരളത്തിലെ സംഭവങ്ങൾക്ക് ശേഷവും 15 ദിവസമായി എന്നും പൊതുവേദികളിലുണ്ട്. സംസ്ഥാനത്തിെൻറ ഭരണഘടനാപരമായ തലവൻ എന്ന നിലയിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യും. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കും. അനാവശ്യമായ കാര്യത്തിെൻറ പേരിൽ സമയവും പണവും പാഴാക്കാൻ അനുവദിക്കില്ല- ഗവർണർ പറഞ്ഞു.കണ്ണൂരിൽ പ്ലക്കാർഡ് ഉയർത്തിയപ്പോൾ അത് നീക്കണമെന്ന് താൻ ആവശ്യപ്പെട്ടില്ല- ഗവർണർ വ്യക്തമാക്കി.