gnn24x7

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി സര്‍ക്കാര്‍

0
244
gnn24x7

പത്തനംതിട്ട: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി സര്‍ക്കാര്‍. എം.ജി രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്.

ഇതിനായി കമ്പനിയ്ക്ക് ഭൂമിയുള്ള എല്ലാ ജില്ലകളിലും കോടതിയെ സമീപിക്കാന്‍ റവന്യു വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ശബരിമല വിമാനത്താവളം പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിനെ പിന്തുടര്‍ന്നാണ് നിയമനടപടികള്‍ക്കായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാര്‍ കൈവശം വെച്ചിരുന്നതും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈവശം വെച്ചിട്ടില്ലാത്തതുമായ ഭൂമി തിരികെ പിടിക്കാനാണ് റവന്യു വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

2019 ജൂണ്‍ ആറിലെ ഉത്തരവ് കൂടാതെ റവന്യു വകുപ്പ് കഴിഞ്ഞ ദിവസം വിവിധ ജില്ലാ കളക്ടര്‍മാര്‍ക്ക് വീണ്ടും നിര്‍ദേശം നല്‍കുകയായിരുന്നു. ഭൂപരിഷ്‌കരണ നിയമം വരുന്ന സമയത്ത് പാട്ടക്കരാറുകാരനായിരുന്നുവെന്ന് തെളിയിക്കാന്‍ ഹാരിസണ്‍ മലയാളത്തിന് സാധിച്ചിട്ടില്ല.

നിയമവിരുദ്ധമായും അനധികൃതവുമായി എണ്‍പതിനായിരത്തോളം ഏക്കര്‍ ഭൂമി ഹാരിസണ്‍ മലയാളം കൈയ്യടക്കി വെച്ചിരിക്കുന്നുണ്ടെന്ന് നിവേദിത പി ഹരന്‍ റിപ്പോട്ട്, ജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മറ്റി റിപ്പോര്‍ട്ട്, ഡി സജിത്ത് ബാബു റിപ്പോര്‍ട്ട്, നന്ദനന്‍ പിള്ള വിജിലന്‍സ് റിപ്പോര്‍ട്ട്, ഡോ എം ജി രാജമാണിക്യം റിപ്പോട്ട് തുടങ്ങിയ അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം ഇത്രയും സ്ഥലം ഹാരിസണ്‍ മലയാളത്തിന്റെ കൈവശം ഇ്‌പ്പോഴില്ലെന്നാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് നിയമവിഭാഗം വൈസ് പ്രസിഡന്റ് വി.വേണുഗോപാല്‍ അറിയിച്ചത്.

2013 ഫെബ്രുവരി 28ന് കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജസ്റ്റിസ് പി.വി ആശ ഹാരിസണ്‍ കൈയ്യടക്കി വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും ഭൂസംരക്ഷണ നിയപ്രകാരം ഏറ്റെടുക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതിന് ഡോ. എം.ജി രാജമാണിക്യത്തെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചത്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് ഹാരിസണ്‍ മലയാളം ലിമറ്റഡ് ഭൂമി കൈവശം വെച്ചിട്ടുള്ളത്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here