കൊച്ചി: സർവകലാശാല ചാൻസലറുടെ അധികാരങ്ങൾ കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം.സർവകലാശാല വൈസ് ചാൻസലറെ കണ്ടെത്തുന്നതിനുള്ള സമിതിയിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാരിന് നിർദേശിക്കാം എന്നുള്ളതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. വിവിധ വിഷയങ്ങളിൽ സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങൾ തുടരുന്നതിനിടെയാണ് പുതിയ നീക്കം.
ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ച ശ്യാം മോഹൻ കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ച് ചാൻസലറായ ഗവർണറുടെ അധികാരം കുറയ്ക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്. സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്ക് ഇടപെടാനുള്ള അധികാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ ബില്ലിന് രൂപം നൽകിയിരിക്കുന്നത്.
സർവകലാശാല വൈസ് ചാൻസലറെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലെ ഒരു അംഗത്തെ ശുപാർശ ചെയ്യാനുള്ള അധികാരം നിലവിൽ ഗവർണർക്കായിരുന്നു. നിലവിൽ മൂന്ന് പേരായിരുന്നു സെർച്ച് കമ്മിറ്റിയിൽ ഉണ്ടിരുന്നത്. ഇത് അഞ്ചായി വർധിപ്പിക്കും. ഇതിനൊപ്പമാണ് ഒരു അംഗത്തെ ശുപാർശ ചെയ്യാനുള്ള അധികാരവും എടുത്തു കളഞ്ഞത്. ഇനിമുതൽ ഈ അംഗത്തെ ശുപാർശ ചെയ്യുന്നത് സർക്കാരായിരിക്കും.