gnn24x7

ഒരു ജില്ലയിൽ മാത്രം 79 സ്കൂളുകളിൽ ക്രമക്കേടു കണ്ടെത്തി; തലയെണ്ണലിൽ തലസ്ഥാനത്തെ സ്കൂളിൽ 100 വിദ്യാർഥികളെ ‘കാൺമാനില്ല’

0
204
gnn24x7

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽനിന്ന് അധ്യയന വർഷത്തിന്റെ ആറാം പ്രവൃത്തി ദിവസം നൽകിയ പത്താം ക്ലാസ് വിദ്യാർഥികളുടെ എണ്ണത്തെക്കാൾ കാര്യമായ കുറവ് ഇക്കൊല്ലം എസ്എസ്‍എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണത്തിലുണ്ടെന്നു വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ഒരു ജില്ലയിൽ മാത്രം 79 സ്കൂളുകളിൽ ക്രമക്കേടു കണ്ടെത്തി. 14 ജില്ലകളിലും പരിശോധന പൂർത്തിയായാലേ ക്രമക്കേടിന്റെ വ്യാപ്തി വ്യക്തമാകൂ.

സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ തസ്തിക സൃഷ്ടിക്കാൻ സർക്കാരിന്റെ അനുമതി വേണമെന്ന ബജറ്റ് പ്രഖ്യാപനം ഇത്തരം കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ്. പുതിയ നിയമനം നടത്തുന്നതിനും ഉള്ള തസ്തികകൾ സംരക്ഷിക്കുന്നതിനുമാണ് എയ്ഡഡ് സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ചുകാട്ടുന്നത്; അധ്യാപക തസ്തിക നഷ്ടപ്പെടാതിരിക്കാൻ സർക്കാർ സ്കൂളുകളും ഈ വഴി തേടുന്നു. തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ 100 വിദ്യാർഥികളെയാണു വ്യാജമായി ഉൾപ്പെടുത്തിയത്.

എസ്എസ്എൽസി പരീക്ഷ എഴുതണമെങ്കിൽ വിദ്യാർഥികളുടെ വിശദാംശങ്ങൾ (എ ലിസ്റ്റ്) പരീക്ഷാഭവനു നൽകണം. ഇത്തവണ പരീക്ഷാഭവനു ലഭിച്ച കണക്കും ആറാം പ്രവൃത്തി ദിവസത്തെ കണക്കും ഒത്തുനോക്കിയപ്പോഴാണു വിദ്യാർഥികളുടെ കുറവു വ്യക്തമായത്. ചില സ്കൂളുകളിൽ വിളിച്ചു ചോദിച്ചപ്പോൾ കുട്ടികൾ ടിസി വാങ്ങിപ്പോയെന്ന മറുപടി ലഭിച്ചു.

എന്നാൽ ആറാം ദിവസത്തെ കണക്കിന്റെ അടിസ്ഥാനത്തിലുള്ള തസ്തികകളാണ് ഈ സ്കൂളുകളിലുള്ളത്. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ കണക്കുകൂടി എടുത്താലേ ആകെ എത്ര വ്യാജ വിദ്യാർഥികളെന്നും അതനുസരിച്ച് എത്ര അധ്യാപക, അനധ്യാപക തസ്തികകൾ അധികമെന്നും വ്യക്തമാകൂ.

തസ്തിക നിർണയം: കാലതാമസം വരില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

സ്കൂളുകളിൽ തസ്തിക സൃഷ്ടിക്കാനുള്ള അധികാരം നിലവിൽ എഇഒയ്ക്കും ഡിഇഒയ്ക്കും ആണെന്നതിനാൽ അവരുടെ ഓഫിസ് കേന്ദ്രീകരിച്ച് വ്യാപക അഴിമതി നടക്കുന്നതായാണു സർക്കാരിന്റെ കണ്ടെത്തൽ. പുതിയ തസ്തിക സൃഷ്ടിക്കണമെങ്കിൽ മറ്റു സർക്കാർ വകുപ്പുകളിലെന്ന പോലെ മന്ത്രിസഭാ അനുമതി വേണമെന്നു വ്യവസ്ഥ വയ്ക്കുന്നതോടെ ഇത് അവസാനിപ്പിക്കാമെന്നാണു വിലയിരുത്തൽ.

ഓൺലൈൻ സംവിധാനമുള്ളതിനാൽ തസ്തിക നിർണയ നടപടികൾ വൈകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. എന്നാൽ 14 ജില്ലകളിലെയും തസ്തിക അംഗീകരിച്ചുവരുമ്പോൾ ഒരു വർഷം വരെ വൈകാമെന്നാണു നീക്കത്തെ എതിർക്കുന്നവരുടെ മറുവാദം. അധിക ഡിവിഷനും തസ്തികയും അനുവദിക്കുന്നതിൽ വിദ്യാഭ്യാസ അവകാശ നിയമത്തിലും കേരള വിദ്യാഭ്യാസ ചട്ടങ്ങളിലും (കെഇആർ) ഉള്ള വൈരുധ്യം ഒഴിവാക്കി കെഇആർ ഭേദഗതി ചെയ്യാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഭേദഗതി നടപ്പാക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here