കോഴിക്കോട് കൊടിയത്തൂരിൽ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പഴംപറമ്പ് നാട്ടിക്കല്ലിങ്ങൽ ഷഹീറാണ് ഭാര്യ മുഹ്‌സിലയെ ഇന്ന് പുലർച്ചെ കഴുത്തറുത്ത് കൊന്നത്.ഇയാളെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
ആറു മാസം മുൻപായിരുന്നു ഷഹീറും മുഹ്‌സിലയും വിവാഹിതരായത്. ഇരുവരും തമ്മിൽ എന്നും വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ഷഹീറിന്റെ സംശയ രോഗമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പുലർച്ചയോടെ ഷഹീറിന്റെ മുറിയിൽ നിന്നും വലിയ ശബ്ദം കേട്ടതിനെ തുടർന്ന് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു മാതാപിതാക്കൾ ഷഹീറിന്റെ മുറിയിലേക്ക് വരികയും വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ തുറന്നില്ല. തുടർന്ന് ഇവർ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തി. ഇതോടെ ഷഹീർ വാതിൽ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു.
റൂമിനുള്ളിൽ കയറിയപ്പോഴാണ് മുഹ്‌സില രക്തത്തിൽ കുളിച്ച് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ മുഹ്‌സിലയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.