gnn24x7

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം; പിന്നില്‍ അട്ടിമറി ശ്രമമില്ലെന്ന് അന്വേഷണ സമിതി

0
243
gnn24x7

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നില്‍ അട്ടിമറി ശ്രമമില്ലെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ടേബിള്‍ ഫാനില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഡോക്ടര്‍ എ. കൗശികന്‍ അധ്യക്ഷനായ സമിതി വ്യക്തമാക്കുന്നു.

പ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിലിരിക്കുന്നതിനാല്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലിരിക്കുന്ന തീപിടുത്തം ആസൂത്രണമാണെന്ന തരത്തില്‍ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദഗ്ധ പരിശോധനയ്ക്കായി അന്വേഷണ സമിതിയെ നിയോഗിച്ചത്.

തീപിടുത്തത്തില്‍ 25 ഫയലുകള്‍ മാത്രമാണ് കത്തിയത്. ഈ ഫയലുകള്‍ തന്നെ പൂര്‍ണമായും നശിച്ചിട്ടില്ലെന്നും സമിതി വ്യക്തമാക്കുന്നു.

ഗസറ്റ് വിജ്ഞാപനവുമായി ബന്ധപ്പെട്ട ഫയലുകളും അതിഥി മന്ദിരങ്ങളില്‍ മുറി വാടകയ്ക്ക് എടുത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ഫയലുകളുമാണ് കത്തിയതെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

ഓഗസ്റ്റ് 25നായിരുന്നു സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സെക്രട്ടറിയേറ്റിലെ തീപിടുത്തം എന്‍.ഐഎ അന്വേഷിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. മൂന്ന് സെക്ഷനുകളിലുണ്ടായ തീപിടുത്തത്തില്‍ പ്രധാന ഫയലുകളെല്ലാം കത്തിപ്പോയെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകളാണ് നശിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം പ്രധാനപ്പെട്ട ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ടേബിള്‍ ഫാനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നും ഫയര്‍ഫോഴ്‌സും, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗവും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here