തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തുടരും. തുടർച്ചയായ മൂന്നാം തവണയാണ് കാനം രാജേന്ദ്രൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. എൻ.ഇ. ബലറാം, പി.കെ വാസുദേവൻ നായർ എന്നിവരാണ് ഇതിന് മുമ്പ് മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
101 അംഗ സംസ്ഥാന കൗൺസിലിനേയും തിരഞ്ഞെടുത്തു. കോട്ടയം സമ്മേളനത്തിൽ പന്ന്യൻ രവീന്ദ്രൻ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലായിരുന്നു കാനം രാജേന്ദ്രൻ ആദ്യം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അതിന് ശേഷം മലപ്പുറത്ത് നടന്ന സമ്മേളനത്തിലും ഇപ്പോൾ തിരുവനന്തപുരം സംസ്ഥാന സമ്മേളത്തിലും അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.
സമ്മേളനം തുടങ്ങുന്ന സമയത്ത് തന്നെ പ്രായപരിധിയുടെ വിഷയത്തിലും ഒപ്പം തന്നെ സംസ്ഥാന സമ്മേളനത്തിലും സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ സാധ്യതകൾ ഒഴിവാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെക്കുകയായിരുന്നു. 14 ജില്ലകളിൽ എട്ട് ജില്ലകൾ കാനം രാജേന്ദ്രന് ഒപ്പം നിൽക്കുകയും നാല് ജില്ലകൾ ഭാഗികമായി അദ്ദേഹത്തിനൊപ്പമുള്ള നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ മറ്റൊരാൾ മത്സരിച്ചാൽ വിജയിക്കില്ല എന്ന സാധ്യത ഉയർന്നിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടായാൽ ഇതുവരെയുള്ള സമ്മേളനത്തിന്റെ പകിട്ട് പോകും അല്ലെങ്കിൽ സമ്മേളനത്തെ മറ്റൊരു രീതിയിലേക്ക് മാറ്റും അത്തരം ഒരു അവസ്ഥ ഉണ്ടാകാൻ പാടില്ല എന്ന കർശന നിർദ്ദേശം ദേശീയ നിർദ്ദേശം നൽകിയിരുന്നു.
അതേസമയം, പ്രായപരിധി കടന്നതിനാൽ സി.ദിവാകരന് പിന്നാലെകെ.ഇ.ഇസ്മായിലും സംസ്ഥാന കൗൺസിലിൽനിന്നു പുറത്തായി. പീരുമേട് എംഎൽഎ വാഴൂർ സോമനും സംസ്ഥാന കൗൺസിലിൽ ഇല്ല. ഇ.എസ്.ബിജിമോളെയും സംസ്ഥാന കൗൺസിലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സമ്മേളനത്തിനിടെ കെ.ഇ ഇസ്മായിൽ വികാരഭരിതനായി.



































