gnn24x7

കരിപ്പൂര്‍ വിമാന അപകട ദുരന്തത്തിന്റെ തീവ്രത കുറച്ചത് പ്രദേശവാസികളായ നാട്ടുകാരുടെ സമയോജിതമായ ഇടപെടല്‍

0
212
gnn24x7

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകട ദുരന്തത്തിന്റെ തീവ്രത കുറച്ചത് പ്രദേശവാസികളായ നാട്ടുകാരുടെ സമയോജിതമായ ഇടപെടല്‍.

ഏതാനും മിനുറ്റുകള്‍ക്കുള്ളിലാണ് പരിക്കേറ്റ മുഴുവന്‍ ആളുകളെയും വിമാനത്തിനുള്ളില്‍ നിന്ന് പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയത്.

അപകടത്തിന്റെ ആഘാതത്തില്‍ വിമാനത്തിനുള്ളിലായി തെറിച്ചുവീണ അഞ്ചു കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചതെന്നും എമര്‍ജന്‍സി ഡോറിലൂടെ തെറിച്ചു വീണവരെയുംആദ്യഘട്ടത്തില്‍ തന്നെ പുറത്തെത്തിക്കാനായെന്നും പ്രദേശവാസിയായ രക്ഷാപ്രവര്‍ത്തകന്‍ പറയുന്നു.

കരിപ്പൂരിന് സമീപത്തായി താമസിക്കുന്ന ആളുടെ വാക്കുകള്‍ ഇങ്ങനെ..”ഏഴര മണിയോടെ വീട്ടിലിരിക്കുമ്പോഴാണ് അതിഭയങ്കരമായ സ്‌ഫോടന ശബ്ദം രണ്ട് തവണയായി കേള്‍ക്കുന്നത്. മതിലിന്റെ 30 മീറ്റര്‍ അടുത്തായാണ് എന്റെ വീട് സ്ഥിതിചെയ്യുന്നത്. ശബ്ദം കേട്ട സമയത്ത് തന്നെ പുറത്തേക്കിറങ്ങി. അവിടേക്ക് ഓടിയപ്പോള്‍ കണ്ട കാഴ്ച ഫ്‌ളൈറ്റ് ലാന്റ് ചെയ്ത് അതിന്റെ കോക്പിറ്റ് മതിലില്‍ ഇടിച്ചുനില്‍ക്കുന്നതാണ്. മതില്‍ തകര്‍ന്നിട്ടുണ്ട്. അതിനകത്ത് രണ്ട് പൈലറ്റുമാരെയും കണ്ടു.

ആ സമയത്ത് അകത്ത് നിന്ന് ആളുകള്‍ ‘രക്ഷിക്കണേ’ എന്ന് പറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അതിനകത്തേക്ക് കയറാനുള്ള യാതൊരു സംവിധാനവും കണ്ടില്ല. അവിടെ ഒരു ഗേറ്റ് തുറന്ന് കിടക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അതില്‍ ശക്തമായി തട്ടി. അവര്‍ അത് തുറന്നെങ്കിലും ഞങ്ങളെ അകത്തേക്ക് കടത്തിയില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ കൊണ്ടായിരിക്കാം.

അഞ്ച് മിനുട്ടിന് ശേഷമാണ് എയര്‍പോര്‍ട്ടില്‍ നിന്നും ഒരു ഫയര്‍റെസ്‌ക്യൂ ടീമും ഒരു ആംബുലന്‍സും എത്തിയത്. ഞങ്ങള്‍ സഹായിക്കണോ എന്ന് ഞങ്ങള്‍ ചോദിച്ച ഉടന്‍ തന്നെ നിങ്ങള്‍ കൂടി സഹായിക്കൂ എന്ന് അവര്‍ പറഞ്ഞു.

ഞങ്ങള്‍ ഉള്ളില്‍ കയറിയപ്പോള്‍ കോക്പിറ്റല്‍ രണ്ട് പൈലറ്റുമാര്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഞങ്ങള്‍ക്ക് അവരെ രക്ഷപ്പെടുത്തണെങ്കില്‍ പോലും അതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. എത്തിയ സമയത്ത് തന്നെ കാണുന്നത് അഞ്ചോളം പിഞ്ചു മക്കള്‍ നിലത്ത് കിടക്കുന്നതാണ്. ആദ്യം തന്നെ അവരെ എടുത്ത് കൊണ്ടുവരികയാണ് ഉണ്ടായത്.

ശേഷം പരമാവധി ആളുകളെ പുറത്തെത്തിച്ചു. അഞ്ചുപേരുമായി ആദ്യം എത്തി ആംബുലന്‍സില്‍ കയറ്റി. തൊട്ടുപുറകെ തന്നെ 35 ഓളം ആളുകളെ എത്തിച്ചു.

വിമാനം നടു ഭാഗത്തായി മുറിഞ്ഞിരുന്നു. ബാക്കി ഭാഗം റണ്‍വേയുടെ ഭാഗത്തോട് ചേര്‍ന്നാണ് കിടക്കുന്നത്. ഫ്‌ളൈറ്റ് ലാന്റ് ചെയ്ത ശേഷം താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് തോന്നിയത്.

പരിക്ക് പറ്റാതെ രക്ഷപ്പെട്ടത് രണ്ട് പേരോ മറ്റോ ആണ്. ബാക്കി എല്ലാവര്‍ക്കും പരിക്കുണ്ട്. പലര്‍ക്കും കാലിനും തോളെല്ലിനും കൈക്കുമെല്ലാമാണ് പരിക്ക് പറ്റിയത്. തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലേക്കും മറ്റും മാറ്റുകയായിരുന്നു’, അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here