കോഴിക്കോട്: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ച ദാരുണ അപകടത്തിൽ മരിച്ചത് 19 പേർ. പൈലറ്റ് ക്യാപ്റ്റൻ ഡി വി സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 19 പേരുടെ മരണം സ്ഥിരീകരിച്ചു. 123 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര വ്യോമയാന സംഘം കരിപ്പൂരിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കരിപ്പൂരിലെത്തും.
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് അപകടത്തിൽപ്പെട്ടത്. ദുബായിയിൽനിന്ന് അവിടുത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് കരിപ്പൂരിൽ വൈകിട്ട് 7.27ന് എത്തേണ്ടിയിരുന്ന വിമാനമാണിത്.
അപകടത്തിൽ രണ്ടായി പിളർന്ന വിമാനത്തിൽ നിന്ന് പരുക്കുകളുമായി 88 പേരെ കോഴിക്കോട്ടെയും 74 പേരെ മലപ്പുറത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 10 കുട്ടികളടക്കം 184 യാത്രക്കാരും 6 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തിലാണ് പലർക്കും പരുക്കേറ്റത്. പൈലറ്റ് ഡി.വി. സാഠെ വ്യോമസേനയിൽനിന്നു വിങ് കമാൻഡറായി വിരമിച്ചയാളാണ്. അഖിലേഷ് കുമാറായിരുന്നു സഹ പൈലറ്റ്.
35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളരുകയായിരുന്നു. വിമാനത്തിനുള്ളിൽ കുടുങ്ങിയവരെ ഉൾപ്പെടെ എല്ലാവരെയും രാത്രി 11 മണിയോടെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. എയർപോർട്ട് കൺട്രോൾ റൂം നമ്പറുകൾ: 0483 2719493, 2719321, 2719318, 2713020, 8330052468.
വിവിധ ആശുപത്രികളിൽ മരിച്ചവരുടെ വിവരങ്ങൾ ഇങ്ങനെ:
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി:
1. പിലാശ്ശേരി സ്വദേശി ഷറഫു
2. കോക്കല്ലൂർ ചക്കരപ്പരമ്പ് രാജീവൻ
ഫറോക്ക് ക്രസന്റ് ഹോസ്പിറ്റൽ:
1. നടുവണ്ണൂർ നരയംകുളം തണ്ടപുറത്ത് ജാനകി (54).
കോഴിക്കോട് മെഡിക്കൽ കോളജ്:
1. സഹീർ സയിദ്
2. മുഹമ്മദ് റിയാസ്
3. നാദാപുരം സ്വദേശി മനാൽ അഹമ്മദ്
4. എടപ്പാൾ കോലൊളമ്പ് ലൈലാബി (51)
5. വെള്ളിമാടുകുന്ന് എഴുത്തച്ഛൻകണ്ടി സാഹിറബാനു (29)
6. അഫ്സൽ മുഹമ്മദ് (10 മാസം)
കോഴിക്കോട് മിംസ്:
1. പൈലറ്റ് ഡി.വി. സാഠെ
2. കോ പൈലറ്റ് അഖിലേഷ് കുമാർ,
3. അയ്മ എന്നു പേരുള്ള നാലുവയസ്സുകാരി
4. ദീപക് ബസന്ത്
മഞ്ചേരി മെഡിക്കൽ കോളജ്:
1. തിരൂർ സ്വദേശി ശാന്ത.
കൊണ്ടോട്ടി മേഴ്സി ആശുപത്രി:
2 പെൺകുട്ടികളും ഒരു സ്ത്രീയും.
കൊണ്ടോട്ടി റിലീഫ് ആശുപത്രി:
2 സ്ത്രീകൾ
അപകട കാരണം മോശം കാലാവസ്ഥ
കനത്ത മഴ കാഴ്ച മറച്ചതാണ് അപകട കാരണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കുന്നത്. ലാൻഡിങ്ങിനിടെ റൺവേ 10ലൂടെ തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു. വിമാനത്താവളത്തിനു പുറത്ത് കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളർന്നത്.
അപകടത്തിൽ വിമാനത്തിന്റെ കോക്പിറ്റ് മുതൽ മുൻവാതിൽ വരെയുള്ള ഭാഗം തകർന്നു. മുൻവാതിലിന്റെ ഭാഗത്തുവച്ചാണ് വിമാനം രണ്ടായി പിളർന്നത്. അപകടത്തിനു പിന്നാലെ നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
മംഗലാപുരം വിമാനത്താവളത്തിനു സമാനമായി ടേബിൾ ടോപ് രീതിയിലാണ് കരിപ്പൂരിലെയും നിർമാണം. അതിനാൽത്തന്നെ പലയിടത്തും താഴ്ചയേറിയ ഭാഗങ്ങളുണ്ട്. മംഗലാപുരത്തും സമാന രീതിയില്‍ ആഴത്തിലേക്കു വീണാണു വിമാനം തകർന്ന് അപകടമുണ്ടായത്.
പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു
അപകടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. വിമാനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും സംഭവത്തെ കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംസാരിച്ചെന്നും രാഷ്ട്രപതി റാം നാഥ് കോവിന്ദ് അറിയിച്ചു.




































