gnn24x7

നാടിന്റെ പൈതൃകം ഓണസമ്മാനമായി നൽകാം; ‘ഗിഫ്റ്റ് എ ട്രഡീഷനി’ലൂടെ…

0
344
gnn24x7

ഈ ഓണത്തിന് പ്രിയപ്പെട്ടവർക്ക് നമ്മുടെ നാടിന്റെ തനത് ഉൽപ്പന്നങ്ങൾ ഓണസമ്മാനമായി അയക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം ഒരുക്കി കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (കെഎസിവി). ഗിഫ്റ്റ് എ ട്രഡീഷനി’ലൂടെ ഇനി ഒരു ക്ലിക്കിൽ സമ്മാനങ്ങൾ നിങ്ങളുടെ വീടുകളിൽ എത്തും.

ഇത്തവണ ഓണത്തിന് നാട്ടിൽ വരാൻ കഴിയാത്തവരും ഇനി വിഷമിക്കണ്ട. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഓണാശംസകൾക്കൊപ്പം കേരള പൈതൃകത്തിൽ നിറയുന്ന ഓണക്കോടികളും സമ്മാനങ്ങളും മനോഹരമായ ഗിഫ്റ്റ് ബോക്സിൽ എത്തിക്കാനുള്ള പദ്ധതിയാണ് ഗിഫ്റ്റ് എ ട്രഡീഷൻ. ഓണക്കോടിയും സമ്മാനങ്ങളും നേരിൽ നൽകുന്നതുപോലെ ഊഷ്മളമായ അനുഭവം സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം. ഓണത്തിന് നാട്ടിലേക്ക് പോകുന്നവർക്ക് ഈ തനത് കേരള സമ്മാനങ്ങൾ സ്വന്തം വിലാസത്തിൽ എത്തിച്ച് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നേരിട്ട് സമ്മാനിക്കാവുന്നതാണ്.

ആയിരക്കണക്കിന് കരകൗശലത്തൊഴിലാളികൾക്കും നെയ്ത്തുകാർക്കും മികച്ച വിപണി ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓണത്തിന് ഒരു നന്മ ചെയ്യാനുള്ള അവസരം കൂടിയാണിത്. ഒരു ഗിഫ്റ്റ് ബോക്‌സ് ഓർഡർ ചെയ്യുമ്പോൾ, തൊഴിലില്ലായ്മ മൂലം കഷ്ടപ്പെടുന്ന നമ്മുടെ ആയിരക്കണക്കിന് നെയ്ത്തുകാരുടെയും കരകൗശല തൊഴിലാളികളുടെയും കുടുംബങ്ങളിൽ കുറഞ്ഞത് രണ്ടോ മൂന്നോ കുടുംബങ്ങൾക്കെങ്കിലും ഈ ഉത്സവകാലത്ത് പ്രയോജനം ലഭിക്കും.

കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന്റെ കീഴിലുള്ള കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജാണ് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഈ ഓണസമ്മാന പദ്ധതി തയ്യാറാക്കുന്നത്. ക്രാഫ്റ്റ് വില്ലേജിന്റെ വെബ്‌സൈറ്റ് (http://www.kacvkovalam.com) വഴി സമ്മാനപ്പെട്ടികൾ തിരഞ്ഞെടുത്ത് ഓർഡർ ചെയ്യാവുന്നതാണ്. സൈറ്റ് വഴി തന്നെ പണമടയ്ക്കാനും കഴിയും. 1,499 രൂപ മുതൽ 29,999 രൂപ വരെ വിലയുള്ള സമ്മാന ബോക്സുകളാണുള്ളത്. പ്രീമിയം വിഭാഗത്തിൽ മൂന്ന് ഗിഫ്റ്റ് ബോക്സുകളും മറ്റ് വിഭാഗത്തിൽ ആറുമുണ്ട്. ഡെലിവറി നിരക്കുകൾ ഉൾപ്പെടെയാണ് വില. ഓഗസ്റ്റ് 28 വരെ ഓർഡറുകൾ നൽകാം.

ഉരുളി, നിലവിളക്ക്, പറ എന്നിവയിൽ നിന്ന് ഏതെങ്കിലും ഒന്നും മുണ്ടും ചേർന്ന ഗിഫ്റ്റ് ബോക്സുകൾ 1,499 മുതൽ ആരംഭിക്കും. കുട്ടികളുടെ മുണ്ടും മരത്തിൽ തീർത്ത ആന ശിൽപ്പവും തടികൊണ്ടുള്ള കളിപ്പാട്ടങ്ങളും അടങ്ങുന്ന കുട്ടികൾക്കുള്ള സമ്മാനപ്പെട്ടിയുടെ വില 2,250 രൂപയാണ്. കുട്ടികളുടെ ഗിഫ്റ്റ് ബോക്സിലെ കറങ്ങുന്ന കളിപ്പാട്ടങ്ങൾ, ബോൾ ഗെയിമുകൾ, യോ-യോസ്, ആനകൾ, മറ്റ് കളിപ്പാട്ടങ്ങൾ എന്നിവ മരവും സുരക്ഷിതവും വിഷരഹിതവുമായ നിറങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

പ്രീമിയം ഗിഫ്റ്റ് ബോക്‌സിൽ 29,999, 24,999, 19,999 രൂപ എന്നിങ്ങനെ മൂന്ന് ബോക്‌സ് ഓപ്ഷനുകൾ ഉണ്ട്. 29,999 രൂപയുടെ സമ്മാനപ്പെട്ടിയിൽ മുണ്ട്, കൈത്തറി സാരി, പരമ്പരാഗത കേരള സെറ്റ് മുണ്ട്, കൽപ്പെട്ടി, ഉരുളി, ആറന്മുള കണ്ണാടി, കേരളത്തിന്റെ ആകൃതിയിലുള്ള സുഗന്ധവ്യഞ്ജന പെട്ടി എന്നിവ ഉൾപ്പെടുന്നു. 19,999 രൂപയുടെ ഗിഫ്റ്റ് ബോക്‌സ് കൽപ്പെട്ടിക്ക് പകരം ആമടപ്പെട്ടി നൽകിയിരിക്കുന്നത്. ആറന്മുള കണ്ണാടി, ബേപ്പൂർ ഉരുവിന്റെ മാതൃക, ആമദപ്പെട്ടി, മര ആന, തെങ്ങിൻ തോട്, ചിരട്ട, കൊമ്പ് എന്നിവയുടെ കരകൗശല രൂപങ്ങൾ, സംഗീതോപകരണങ്ങൾ, കേരളാകൃതിയിലുള്ള സുഗന്ധവ്യഞ്ജന പെട്ടി എന്നിവയാണ് 24,999 രൂപ വിലമതിക്കുന്ന സമ്മാനപ്പെട്ടിയിലുള്ളത്.

കരകൗശല മേഖലയിലുള്ളവർക്ക് മാന്യമായ ഉപജീവനമാർഗം ഉറപ്പാക്കാനുള്ള ഒരു സംരംഭം വിജയിപ്പിക്കുന്നതിനൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓണം ഓർമകൾക്ക് പുതു നിറം പകരാൻ ഈ അവസരം പ്രയോജനപ്പെടുത്താം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here