തിരുവനന്തപുരം: പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു ചീഫ് സെക്രട്ടറിയായിരുന്ന കാലമെന്ന് ടോം ജോസ്. വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018 ൽ ചുമതലയേറ്റ ഉടനായിരുന്നു ആദ്യ പ്രളയം. പിന്നാലേ നിപ വന്നു. അതിനു ശേഷം വീണ്ടും പ്രളയം. പിന്നെ ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. ഇപ്പോൾ കൊറോണയും. ഒരർഥത്തിൽ വെല്ലുവിളികൾ മാത്രം നിറഞ്ഞ കാലയളവായിരുന്നു കഴിഞ്ഞു പോയതെന്ന് ടോം ജോസ് പറയുന്നു.
പൂർത്തിയാക്കാതെ മാലിന്യ നിർമാർജനം എന്ന സ്വപ്നം
മാലിന്യ നിർമാർജനത്തിന് പ്രത്യേക സംവിധനം ഒരുക്കണമെന്നത് വലിയ സ്വപ്നമായിരുന്നു. അതിനായി നാല് കേന്ദ്രങ്ങൾ കണ്ടെത്തി. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ തീരുമാനമെടുത്തു. ടെൻഡർ നടപടികളും തുടങ്ങി. എന്നാൽ അപ്രതീക്ഷിത എതിർപ്പുകളുണ്ടായി. വിചാരിച്ചതിലും വലിയ വെല്ലുവിളി ആയിരുന്നു അത്.
പദ്ധതി പൂർത്തീകരിക്കാൻ ആയില്ലെങ്കിലും തുടങ്ങി വയ്ക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്. പുതിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ താത്പര്യമുള്ളയാളാണ്. അദ്ദേഹം അതു പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ടോം ജോസ്.ഇനി നല്ല കുറെ സിനിമ കാണണം
ഭാവി പദ്ധതി എന്തെന്ന ചോദ്യത്തിനായിരുന്നു സിനിമാ പ്രേമി കൂടിയായ മുൻ ചീഫ് സെക്രട്ടറിയുടെ മറുപടി. വിരമിച്ചെങ്കിലും സർക്കാരിന്റെ പ്രധാന പദ്ധതികളുടെ ചുമതലയിൽ ടോം ജോസ് ഉണ്ടാകുമെന്നാണ് സൂചന. റീ ബിൽഡ് കേരള സി ഇ ഒ അടക്കമുള്ള പദവികളാണ് പരിഗണനയിൽ.
                









































