gnn24x7

എം. ശിവശങ്കറിനെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യുന്നു

0
307
gnn24x7

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ഇന്നുരാവിലെയാണ് ചോദ്യം ചെയ്യലിനായി അദ്ദേഹം ഓഫീസിൽ എത്തിയത്. ഇത് മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്നും ലാപ്ടോപ്പുകളിൽ നിന്നും വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനൊപ്പം ശിവശങ്കറിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വപ്നയെയും സന്ദീപ് നായരെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലുകൾക്ക് ശേഷമാണ് ഇത് മൂന്നാം തവണ ശിവശങ്കറിനെ എൻഐഎ അദ്ദേഹത്തെ കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് പ്രതികളിൽ നിന്ന് 2 ടിബി ഡിജിറ്റൽ രേഖകൾ എൻഐഎ പരിശോധിച്ചത്. സ്വപ്നയടക്കമുള്ള പ്രതികളില്‍ നിന്നുള്ള തെളിവുകളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്. ശിവശങ്കർ നേരത്തെ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകളിലും ഇത്തവണ വിശദീകരണം തേടും. നേരത്തെ മണിക്കൂറുകളോളം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തിരുന്നു.

ഡിജിറ്റൽ തെളിവുകളിൽ നിന്നു ലഭിച്ച വിവരങ്ങളും പ്രതികളുടെ മൊഴികളും എം.ശിവശങ്കറിന്റെ മൊഴികളും വിശദമായി പരിശോധിച്ച ശേഷം ഇതിലുണ്ടായിട്ടുള്ള വൈരുധ്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇവരെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. നയതന്ത്ര പാഴ്സലുമായി ബന്ധപ്പെട്ട് വ്യക്തത തേടി മന്ത്രി കെ.ടി. ജലീലിനെയെും എൻഐഎ ചോദ്യം ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here