തിരുവനന്തപുരം: കുപ്പിവെള്ള കമ്പനികളുടെ എതിർപ്പ് വകവെക്കാതെ വില കുറയ്ക്കാൻ തീരുമാനിച്ച് സർക്കാർ. കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കിയാണ് കുറച്ചത്. കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വില കുറച്ചത്. ഇതുസംബന്ധിച്ച ഭക്ഷ്യവകുപ്പിന്‍റെ ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു.
സർക്കാർ വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവിൽ വരുമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ആറു രൂപയിൽ താഴെ മാത്രം നിർമാണച്ചെലവുള്ള കുപ്പിവെള്ളം ശരാശരി എട്ട് രൂപയ്ക്കാണ് കമ്പനികൾ കടകളിലെത്തിക്കുന്നത്. ഇതിന് 12 രൂപ ലാഭമെടുത്താണ് വ്യാപാരികൾ വിൽക്കുന്നത്.
വിലനിയന്ത്രണം കൂടാതെ കുപ്പിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ബിഐഎസ് ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമെ ഇനിമുതൽ വിൽക്കാൻ പാടുള്ളുവെന്നാണ് നിർദ്ദേശം. ഇതോടെ അനധികൃത കമ്പനികൾ പൂട്ടിപ്പോകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് 220 പ്ലാന്‍റുകളാണ് ബിഐഎസ് അനുമതിയോടെ പ്രവർത്തിക്കുന്നത്.
കുപ്പിവെള്ളത്തിന്‍റെ വില നിയന്ത്രിക്കാൻ 2018 മെയ് പത്തിനാണ് സർക്കാർ തീരുമനിച്ചത്. ചില കമ്പനികൾ ഇതിന് തയ്യാറായെങ്കിലും വൻകിട കമ്പനികൾ സർക്കാർ നിർദേശം അംഗീകരിക്കാൻ തയ്യാറായില്ല. കുപ്പിവെള്ളത്തിന്‍റെ കുറഞ്ഞവില 15 രൂപയാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതോടെ കുപ്പിവെള്ളത്തിന്‍റെ വില നിയമയുദ്ധത്തിലേക്ക് മാറി. ഇതോടെയാണ് അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവന്ന് സർക്കാർ വിലകുറച്ചത്.









































