gnn24x7

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി

0
314
gnn24x7

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി.

2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നടത്തരുതെന്നും 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് മണികുമാറിന്‍റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചിന്‍റെതാണ് ഉത്തരവ്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക കരടായെടുത്ത് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ചോദ്യം ചെയ്ത് UDF ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയില്‍ ഇടപെടാനാവില്ലെന്ന് അറിയിച്ചുകൊണ്ട് സിംഗിള്‍ ബെഞ്ച് UDF നല്‍കിയ ഹര്‍ജി തള്ളുകയായിരുന്നു.

വോട്ടര്‍ പട്ടികയില്‍ 2015ന് ശേഷമുള്ള പുതിയ വോട്ടര്‍മാര്‍ പേര് കൂട്ടിച്ചേര്‍ക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. അതിനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

തീരുമാനം മാറ്റുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിലപാട് തേടിയിരുന്നു. കോടതി അനുവദിച്ചാല്‍ വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതിയില്‍ നിന്നും ഇപ്പോള്‍ പുതിയ വിധി വന്നിരിക്കുന്നത്.
പുതിയ വിധി പ്രകാരം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാക്കിയ പട്ടിക പുതിയ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

രണ്ട് പട്ടികയിലുമായി 30 ലക്ഷം വോട്ടര്‍മാരുടെ വ്യത്യാസമുണ്ടെന്നാണ് UDF കോടതിയെ അറിയിച്ചത്. 2015ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത പലരും 2019ലെ പട്ടികയിലുണ്ടെന്നും UDF ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിവരങ്ങളെല്ലാം അടിസ്ഥാനമാക്കിയാണ് പുതിയ പട്ടിക തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്ന്‍ UDF ഹൈക്കോടതിയെ അറിയിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here