മുത്തങ്ങ: മുത്തങ്ങ അതിര്‍ത്തിയില്‍ വ്യാജ പാസുമായി എത്തിയ ആള്‍ അറസ്റ്റില്‍. മലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി. റെജിയാണ് അറസ്റ്റിലായത്. തലപ്പാടി വഴി കടക്കാനായി ലഭിച്ച പാസ് കമ്പ്യൂട്ടര്‍ വഴി എഡിറ്റ് ചെയ്ത് മുത്തങ്ങ വഴിയാക്കുകയായിരുന്നു ഇയാള്‍. പാസിലെ തിയ്യതിയും എഡിറ്റ് ചെയ്തിട്ടുണ്ട്. പരിശോധനാ കേന്ദ്രത്തില്‍ വെച്ചാണ് രേഖയിലെ തട്ടിപ്പ് മനസ്സിലായത്. ഇയാള്‍ക്കൊപ്പം വന്ന പതിനഞ്ചു വയസ്സുകാരന്റെ പാസും വ്യാജമായിരുന്നു. ഈ കുട്ടിയും നിലവില്‍ കസ്റ്റഡിയിലാണ്. സുല്‍ത്താന്‍ ബത്തേരി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. വ്യാജരേഖ ചമക്കല്‍ കുറ്റത്തിനൊപ്പം പകര്‍ച്ചവ്യാധി നിയമപ്രകാരവും കുറ്റം ചുമത്തും.
പാസില്ലാതെ എത്തിയവരുടെ എണ്ണം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വാളയാറില്‍ ഇതുവരെ മുപ്പതോളം പേരാണ് എത്തിയത്. ഇതില്‍ ഭൂരിഭാഗവും ചെന്നൈയില്‍ നിന്നെത്തിയവരാണ്. കേരള പാസില്ലാത്തവരെ തമിഴ്‌നാട് അതിര്‍ത്തിയായ മധുക്കരൈയില്‍ വെച്ചും തടയുന്നുണ്ട്. മൂലഹള്ള ചെക്‌പോസ്റ്റില്‍ ആന്ധ്രയില്‍ നിന്നെത്തിയ രണ്ടു പേരുള്‍പ്പെടെ പാസില്ലാത്ത മൂന്ന് യുവാക്കളെയാണ് തടഞ്ഞത്.



































