gnn24x7

ഏപ്രില്‍ 20ന് ശേഷവും കേരളത്തില്‍ പൊതുഗതാഗതത്തിനു നിയന്ത്രണം തുടര്‍ന്നേക്കുമെന്നു സൂചന

0
283
gnn24x7

തിരുവനന്തപുരം: ഏപ്രില്‍ 20ന് ശേഷവും കേരളത്തില്‍ പൊതുഗതാഗതത്തിനു നിയന്ത്രണം തുടര്‍ന്നേക്കുമെന്നു സൂചന. ഇതുസംബന്ധിച്ച ചര്‍ച്ച ഇന്നു മന്ത്രിസഭായോഗത്തില്‍ നടന്നു. പൂര്‍ണവിവരങ്ങള്‍ ഇന്നു വൈകുന്നേരം നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടേക്കുമെന്നാണ് സൂചന.

മേയ് മൂന്നിനാണ് ലോക്ഡൗണ്‍ അവസാനിക്കുന്നത്. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

ഗ്രീന്‍ സോണ്‍ മേഖലകളില്‍ മാത്രമേ പൊതുഗതാഗതം അനുവദിക്കയുള്ളു. ഗ്രീന്‍ സോണിലും ബസ് സര്‍വീസ് ജില്ലയ്ക്കുള്ളില്‍ മാത്രം അനുവദിക്കും. യാത്രക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ പുറപ്പെടുവിക്കും. റെഡ്, ഓറഞ്ച് സോണുകളിലുള്ളവര്‍ മറ്റു ജില്ലകളില്‍ കടന്നാല്‍ ക്വാറന്റീനിലാകും.

സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കി. ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കില്ല.

സ്വകാര്യവാഹനങ്ങള്‍ക്കും ഇളവില്ല. 20നു ശേഷവും സ്വകാര്യവാഹനങ്ങള്‍ക്ക് നിയന്ത്രണം തുടരും. കാറില്‍ ഡ്രൈവറുള്‍പ്പെടെ രണ്ടു പേരും ഇരുചക്രവാഹനത്തില്‍ ഒരാളും മാത്രം അനുവദിക്കും.

20നു ശേഷം മോട്ടര്‍വാഹന ഓഫിസുകള്‍ തുറക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. സ്വകാര്യകമ്പനികള്‍ ആവശ്യപ്പെട്ടാല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ വാടകയ്ക്ക് നല്‍കും.

രോഗികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ നാലു മേഖലകളാക്കി തിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും. രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് കേന്ദ്രം നിശ്ചയിച്ച ഹോട്ട്‌സ്‌പോട്ടുകളില്‍നിന്നും സംസ്ഥാനം പുതിയ മേഖല സംവിധാനത്തിലേക്ക് മാറാന്‍ തീരുമാനിച്ചത്.

കൃഷി, മല്‍സ്യ മേഖലകളില്‍ ഈ മാസം 20ന് ശേഷം അനുമതി നല്‍കും. എന്നാല്‍ സാലറി ചാലഞ്ച് നടപ്പാക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here