gnn24x7

മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ തന്നെ നിയോഗിച്ചത് ഉദ്യോഗസ്ഥര്‍ തന്നെ; പ്രതിപക്ഷ നേതാവിന് മറുപടിയുമായി ഷൈലജ ടീച്ചർ

0
282
gnn24x7

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ തന്നെ നിയോഗിച്ചത് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ.

‘ ഇതൊന്നും എന്റെ മിടുക്കല്ല. എനിക്കൊറ്റയ്ക്ക് ഒന്നും കഴിയുകയുമില്ല. മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഒരാള്‍ മാത്രം നല്‍കുകയെന്ന രീതിയാണ് ഇത്തരം ദുരന്തസമയത്തെല്ലാം ചെയ്യേണ്ടത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് എന്നെ അതിന് ചുമതലപ്പെടുത്തിയത്.’

മന്ത്രിയില്‍ നിന്ന് നേരിട്ട് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നുവെങ്കില്‍ അങ്ങനയേ കരുതുന്നുള്ളൂ. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഇമേജ് വര്‍ധിപ്പിക്കാന്‍ ഒരു ശ്രമവുമില്ലെന്നും മന്ത്രി പറഞ്ഞു.

‘ഈ ഇമേജ് അതേപടി നിലനില്‍ക്കുമെന്ന് കരുതുന്നുണ്ടോ?, നാളെ ഏതെങ്കിലും ചെറിയൊരു പോരായ്മ ഉണ്ടെങ്കില്‍ ഇതെല്ലാം പോകില്ലേ’

ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇമേജ് ബില്‍ഡിംഗിന് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

‘ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണ്. ആരോഗ്യമന്ത്രിയുടെ മീഡിയാ മാനിയയും ഇമേജ് ബില്‍ഡിംഗും അവസാനിപ്പിക്കണം. പ്രതിച്ഛായ വളര്‍ത്താനാണ് മന്ത്രിയുടെ ശ്രമം. എല്ലാ ദിവസവും നാലു വാര്‍ത്താസമ്മേളനം വീതമാണ് മന്ത്രി നടത്തുന്നത്.’, ചെന്നിത്തല പറഞ്ഞു.

എപ്പോഴും വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ലെന്നും വാര്‍ത്താക്കുറിപ്പ് ഇറക്കിയാലും മതിയെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയിലെ കാര്യങ്ങള്‍ തനിക്ക് അനുകൂലമായി മന്ത്രി പ്രചരിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കൊവിഡ് 19 പശ്ചാത്തലത്തില്‍ സഭ നിര്‍ത്തിവെക്കുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. ഇത് അനാവശ്യ ഭീതി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയോ മറ്റ് സംസ്ഥാന നിയമസഭ സമ്മേളനങ്ങളോ കൊറോണ ഭീതിയുടെ പേരില്‍ നിര്‍ത്തിവെക്കുന്നില്ലല്ലോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സര്‍ക്കാര്‍ നടപടികളില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ച ഉണ്ടായാല്‍ ചൂണ്ടിക്കാട്ടാനുള്ള ഏക വേദിയാണ് നിയമസഭ. ഇതാണ് പ്രതിപക്ഷം കഴിഞ്ഞദിവസം സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ ആരോഗ്യമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ വളരെ മോശമായ പ്രചാരണമാണ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

ജനങ്ങള്‍ ഞങ്ങളോട് പറയുന്ന ആശങ്കകളാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. സംസ്ഥാനത്ത് ആവശ്യത്തിന് മാസ്‌കുകളില്ല, വേണ്ടത്ര സൗകര്യങ്ങളില്ല, ഡോക്ടര്‍മാരുടെ കുറവുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള നടപടികളാണ് വേണ്ടത്. എയര്‍പോര്‍ട്ടുകളില്‍ ഇപ്പോഴും വേണ്ടത്ര പരിശോധന നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here