gnn24x7

ബംഗളൂരൂ ലഹരിമരുന്ന് കേസ്; മകന് പങ്കുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്‍

0
246
gnn24x7

തിരുവനന്തപുരം: ബംഗളൂരൂ ലഹരിമരുന്ന് കേസില്‍ തന്‍റെ മകന് പങ്കുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

ലഹരിമരുന്ന് കേസില്‍ കേന്ദ്ര നാര്‍കോട്ടിക് കന്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ കൊച്ചി സ്വദേശി അനൂപ്‌ മുഹമ്മദുമായി ബിനീഷ് കോടിയേരിയ്ക്ക് പങ്കുണ്ടെന്ന് വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. ആരോപണങ്ങളുടെ വിശദാംശങ്ങള്‍ തനിക്കറിയില്ലെന്നും പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമേയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെയെന്നും തെളിവുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തല അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കൂടാതെ, ബിനീഷ് തെറ്റുകാരനാണെങ്കില്‍ നിയമനടപടി സ്വീകരിക്കട്ടെയെന്നും ശിക്ഷിക്കപ്പെടേണ്ടതാണെങ്കില്‍ ശിക്ഷിക്കപ്പെടുകയും തൂക്കികൊല്ലേണ്ടതാണെങ്കില്‍ അങ്ങനെയുമാകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാനസികമായി തന്നെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ലെന്ന് പറഞ്ഞ കോടിയേരി ഇതെല്ലാം നേരിടാന്‍ തയാറായാണ് ഒരു കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കുന്നതെന്നും വ്യക്തമാക്കി. സര്‍ക്കാരിന് കീഴില്‍ ക്രമസമാധാന നില ഭദ്രമാണ്. കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. -കോടിയേരി പറഞ്ഞു. 

രക്തസാക്ഷികളെ ഗുണ്ടകളെന്നു മുദ്രകുത്തുകയും കൊലപാതകികളെ മഹാന്മാരാക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്‍റെത്. വെഞ്ഞാറമൂടില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ആക്രമം നടത്തിയവരെ തള്ളിപറയാന്‍ പോലും കോണ്‍ഗ്രസ് തയാറായില്ല. മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു മുന്നിലാണ് കൊലപാതകം നടന്നത്. -കോടിയേരി കൂട്ടിച്ചേര്‍ത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here