gnn24x7

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

0
409
gnn24x7

കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരവേ കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍.

കാരശേരിയിലെ കാരമൂലയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.

പക്ഷിപ്പനി പതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഇതുവരെ 3760 പക്ഷികളേയാണ് കൊന്നൊടുക്കിയത്. തിങ്കളാഴ്ച 2058 പക്ഷികളെയാണ് കൊന്നൊടുക്കിയത്. പ്രവര്‍ത്തനം ആരംഭിച്ച ഞായറാഴ്ച 1700 പക്ഷികളെ കൊന്നൊടുക്കി.

രോഗബാധിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊല്ലുന്നത്. നിലവില്‍ 25 റാപിഡ് റെസ്പോണ്‍സ് ടീ(ആര്‍ആര്‍ടി)മാണ് പക്ഷികളെ കൊന്നൊടുക്കുന്നതിനും സംസ്‌കരിക്കുന്നതിനും നേതൃത്വം നല്‍കുന്നത്.

7000 പക്ഷികളെ കൊന്നൊടുക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള ടീമിനെ ഉപയോഗപ്പെടുത്തി ഒരാഴ്ചകൊണ്ട് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു പറഞ്ഞു.

വൈറസ് ബാധയെ കുറിച്ച് പഠിക്കുന്നതിനായി വിദഗ്ധ സംഘം ഇന്ന് ജില്ലയില്‍ എത്തും. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ എന്നിവിടങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസം പിന്നിട്ടുകഴിഞ്ഞു.

ജില്ലാ അതിര്‍ത്തികളിലെ പരിശോധന തുടരുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിലെ 10 കിലോമീറ്റര്‍ പരിധിയിലുള്ള കോഴിക്കടകളെല്ലാം അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള ടീമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അതേസമയം മാംസ വില്‍പന നിരോധനം പാലിക്കപ്പെടുന്നുണ്ടോയെന്നുള്ള പരിശോധന കര്‍ശനമാക്കുമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here