gnn24x7

കൊവിഡ് 19; കോഴിക്കോട് ആശുപത്രിയില്‍ പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ്.

0
296
gnn24x7

കോഴിക്കോട്: കൊവിഡ് 19 രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബീച്ച് ആശുപത്രിയിലുമായി നിരീക്ഷണത്തില്‍ കഴിയുന്ന പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ്.

ഇന്നലെ വരെയുള്ളവരുടെ പരിശോധനാ ഫലമാണിത്. അഞ്ച് പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും അഞ്ച് പേര്‍ ബീച്ച് ആശുപത്രിയിലുമാണ് ഉള്ളത്. ഇന്ന് രാവിലെയാണ് പരിശോധനാ ഫലം ലഭ്യമായത്. അതേസമയം ഇവരുടെ നിരീക്ഷണം തുടരും.

അതിനിടെ കൊല്ലത്ത് രണ്ട് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 12 പേരാണ് നിലവില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികള്‍ എത്തിയ പുനലൂരിലെ ബേക്കറിയിലെ രണ്ട് ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം പത്തനംതിട്ടയില്‍ കൊവിഡ് 19 ലക്ഷണങ്ങളുമായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. 12 പേരുടെ പരിശോധനാഫലമാണ് അറിയുക.

പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം 15 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ രോഗ ലക്ഷണം പ്രകടിപ്പിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ മാത്രം 25 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ ഏഴുപേര്‍ക്ക് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

969 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. റാന്നിയിലും പന്തളത്തും കൂടുതല്‍ ആശുപത്രികള്‍ ഏറ്റെടുത്ത് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാനുള്ള നടപടികളും ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെയും ജിയോ ടാഗിംഗ് സംവിധാനം വഴി നിരീക്ഷിക്കുന്നുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യുന്നതിനായാണ് ജിയോ ടാഗിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് നിലവില്‍ 3313 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 293 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 1179 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 879 എണ്ണത്തിന്റെ റിസല്‍ട്ട് നെഗറ്റീവ് ആണ്.

കോട്ടയത്ത് നിരീക്ഷണത്തിലുള്ള മൂന്ന് പേര്‍ക്കും രോഗമില്ലെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒപ്പം ഇറ്റലിയില്‍ നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ പാരിപ്പള്ളിയിലെ അഞ്ചു പേര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന കൊവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here