തിരുവനന്തപുരം: കോയമ്പത്തൂര്‍ വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മരണ മടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ചെയ്യുന്നതിന് പാലക്കാട് ജില്ല കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. രണ്ട് മന്ത്രിമാര്‍ തിരുപ്പൂരിലേക്ക് ഉടന്‍ തന്നെ തിരിക്കും മന്ത്രിമാരായ എ കെ ശശീന്ദ്രനും വിഎസ് സുനില്‍ കുമാറുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് തിരുപ്പൂരിലേക്ക് പോകുക. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പുറമേ 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 19 പേര്‍ മരണപ്പെട്ടതായും മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. മരണമടഞ്ഞവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തമിഴ്നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കലക്ടറുമായും സഹകരിച്ചു സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുഃഖം രേഖപ്പെടുത്തി.
കോയമ്പത്തൂരില്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ നമ്പറാണിത്. തിരുപ്പൂര്‍ കളക്ട്രേറ്റിലും ഹെല്‍പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം- 7708331194 മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍-9447655223, 0491 2536688.
രാവിലെ എഴു മണിക്ക് കൊച്ചിയിലെത്തേണ്ട കെഎസ്ആർടിസി ആർഎസ് 784 നമ്പർ ബാംഗ്ലൂർ– എറണാകുളം ബസാണ് അപകടത്തിൽപെട്ടത്,പുലർച്ചെ 3.25 നാണ് അപകടമുണ്ടായത്. ബസിൽ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്.